pinaryi

തിരുവനന്തപുരം: എന്ത് പറഞ്ഞാലും എന്ത് ചെയ്താലും തങ്ങൾക്കതൊന്നും ബാധകമല്ലെന്ന് പറഞ്ഞുനടക്കുന്ന ചിലരുണ്ട്, അതിന് പ്രോത്സാഹനം നൽകുന്ന മറ്റുചിലരും. അവർക്ക് കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെടണമെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവരുമായി സംസാരിക്കില്ലെന്ന നിലപാട് ഉറപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു.

കാലഹരണപ്പെട്ട സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഇൗ വർഷം ഡിസംബർ വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ കണക്കാക്കി നിയമനം നടത്തി. എന്നിട്ടും അതൊന്നും കേൾക്കില്ലെന്ന മട്ടിൽ ശവമഞ്ചവും പേറിയാണ് സമരം നടത്തുന്നത്. അവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല.

ഏതെങ്കിലും തെറ്റായ മാർഗത്തിൽ സർക്കാർ ജോലി തരപ്പെടുത്താവുന്ന സ്ഥിതി കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കളും വനിതാ ഏജന്റുമാരും ചേർന്ന് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന വാർത്തകൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. ഇത്തരം വാർത്തകളിൽ ആശങ്കയില്ല. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തട്ടിപ്പ് നടത്താൻ കുറെയാളുകളും പറ്റിക്കപ്പെടാൻ തയ്യാറായി കുറെപ്പേരും നടക്കുന്നുണ്ട്.

അത് അദ്ദേഹത്തിന്റെ സ്വഭാവം

സമരക്കാരോട് മുഖ്യമന്ത്രി സംസാരിക്കുന്നത് എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരിയോട് എന്നപോലെയാണെന്ന എം.കെ. മുനീറിന്റെ ആക്ഷേപത്തോട്, അത് അദ്ദേഹത്തിന്റെ സ്വഭാവമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അടിച്ചുതളിക്കാരിയോട് മോശമായി സംസാരിക്കാമോ, അവരും തൊഴിലെടുത്തല്ലേ ജീവിക്കുന്നത്. അവരും മനുഷ്യസ്ത്രീയല്ലേ. ഞാൻ ഏത് രീതിയിലാണ് സംസാരിക്കുന്നതെന്ന് കേൾക്കുന്നവർക്കെല്ലാം അറിയാം.