
 നൽകിയത് 3.15 കോടിയുടെ സഹായം
തിരുവനന്തപുരം: സ്വന്തമാക്കാൻ കഴിയില്ലെന്ന് കരുതിയ പല ആഗ്രഹങ്ങളും പ്രതീക്ഷിച്ചതിലും വേഗത്തിൽ സ്വന്തമാക്കിയാണ് ഇന്നലെ എസ്.എം.വി സ്‌കൂളിലെ സ്വാന്തന സ്പർശം അദാലത്ത് വേദിയിൽ നിന്ന് ആയിരക്കണക്കിനാളുകൾ മടങ്ങിയത്. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാണ് ഇന്നലെ പരിഗണിച്ചത്. ഇരു താലൂക്കുകളിലുമായി 3.15 കോടി രൂപയുടെ സഹായവും നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. മന്ത്രിസഭായോഗം നടക്കുന്നതിനാൽ ഉച്ചയോടെയാണ് മന്ത്രിമാർ വേദിയിലെത്തിയത്. പൊതുജനങ്ങൾക്കു നൽകിയിട്ടുള്ള സഹായങ്ങൾ അതിവേഗത്തിൽ അവരുടെ കൈകളിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. അനുബന്ധ രേഖകൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപേക്ഷകനെ നേരിൽ ബന്ധപ്പെട്ട് അവ ലഭ്യമാക്കി സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയിൽ സാന്ത്വന സ്‌പർശം അദാലത്ത് വൻ വിജയമായിരുന്നെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഡി.കെ. മുരളി, സി. ദിവാകരൻ, കളക്ടർ നവ്‌ജ്യോത് ഖോസ, എ.ഡി.എം ടി.ജി. ഗോപകുമാർ, അദാലത്തിന്റെ നോഡൽ ഓഫിസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
പരിഗണിച്ചത് 5,756 പരാതികൾ
അക്ഷയ സെന്ററുകൾ മുഖേനയും ഓൺലൈനായും നേരിട്ടും ലഭിച്ച 5,756 പരാതികളാണ് ഇരു താലൂക്കുകളിലുമായി ഇന്നലെ പരിഗണിച്ചത്. ആകെ 1778 പരാതികൾ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിനായി ലഭിച്ചിരുന്നു. ഇതിൽ തിരുവനന്തപുരം താലൂക്കിൽ 746 അപേക്ഷകളിലായി 1,19 കോടി രൂപയും നെടുമങ്ങാട് താലൂക്കിൽ 567 പരാതികളിലായി 90,77 ലക്ഷം രൂപയും നൽകി. ലഭിച്ച ആകെ പരാതികളിൽ 3290 എണ്ണം തീർപ്പാക്കി. 4244 പരാതികൾ ഇന്നലെ നേരിട്ട് ലഭിച്ചു. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി 132 പേർക്ക് ഇന്നലെ പുതുതായി പട്ടയവും കൈവശാവകാശ രേഖകളും നൽകി. പുതുതായി 199 പേർക്ക് ഇരു താലൂക്കിലുമായി റേഷൻ കാർഡ് അനുവദിച്ചു. 17,700 രൂപയുടെ വിള ഇൻഷ്വറൻസും അദാലത്തിൽ നൽകി. ജില്ലയിൽ നടത്തിയ മൂന്ന് അദാലത്തുകളിലേക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആകെ 5,49 കോടി രൂപയാണ് നൽകിയത്.