bjp

ചെറുപുഴ: മലയോര മേഖലയുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്നതിനായി പയ്യന്നൂരിൽ നിന്നും ചെറുപുഴ- പുളിങ്ങോം-രാജഗിരി-കാണം വയൽ-മങ്കുണ്ടി മല-വെങ്കിട്ടപാറ-കോറങ്കാല വഴി ബാഗ്ലൂരിലേക്ക് എത്തുന്ന പാത യാഥാർത്ഥ്യമാക്കുന്നതിനായി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കാനംവയലിലെത്തി. ഏഴിമല-ബാഗമണ്ഡലം പാതയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ബദൽ പാത എന്ന നിർദ്ദേശം ബി.ജെ.പി. മുന്നോട്ട് വയ്ക്കുകയും കർണ്ണാടക സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള റോഡ് സന്ദർശിച്ചത്.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്ത്, മേഖലാ സെക്രട്ടറി, കെ.പി. അരുൺ, മണ്ഡലം പ്രസിഡന്റ് രൂപേഷ് തൈവളപ്പിൽ, എം.കെ. മുരളി, കെ.കെ. സുകുമാരൻ, രാജു ചുണ്ട, എം.വി. ഭാസ്‌ക്കരൻ, ഗംഗാധരൻ കാളീശ്വരം, റോഡ് സർവ്വേ റിപ്പോർട്ട് തയ്യാറാക്കുന്ന പ്രൊഫ. ടോമി ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ഭാസ്‌ക്കരൻ വെള്ളൂർ, സോമശേഖരൻ നായർ, ടി.കെ. രാജേന്ദ്രൻ, മോഹനൻ പാലേരി, ഗീരീഷ് പി. നായർ, മാത്യൂ തടത്തിൽ, മുരളീധരൻ നായർ, സുരേഷ് പനയന്തട്ട, മാദ്ധ്യമ പ്രവർത്തകരായ മധുകരേള, ജെയിംസ് ഇടപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുപത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. പരിസ്ഥിതിക്ക് ദോഷം വരാത്ത പാത നിർമ്മിച്ച് ബാംഗ്ലൂരിലേക്കുള്ള ദൂരം കുറയ്ക്കാനും വികസനം ഉറപ്പാക്കാനും കർണ്ണാടക സർക്കാരിന്റെ ചീഫ് വിപ്പ് അനിൽകുമാർ, കർണ്ണാടക സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടിൽ എം.പി. എന്നിവർക്ക് നൽകുന്നതിനുള്ള പ്രാഥമിക സർവേ റിപ്പോർട്ട് തയ്യാറാക്കും. ബാഗമണ്ഡലം പാതയ്ക്ക് 24 കിലോമീറ്റർ ദൂരം വനമേഖല വേണമെന്നിരിക്കെ നിർദിഷ്ഠ പാത നാല് കിലോമീറ്റർ മാത്രം വനപാത ഉപയോഗിച്ചാൽ മതിയാകും. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന വികസനമാണ് മോദി സർക്കാരിന്റേതെന്നും ആതിനാൽ വനസമ്പത്ത് നശിപ്പിക്കാതെ വികസനം ഉറപ്പാക്കുന്നതിനായി ആവശ്യമായതെല്ലാം ചെയ്യുമെന്ന് കെ. രജ്ഞിത്ത് പറഞ്ഞു.