
സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാനും നവീകരിക്കാനുമുള്ള വ്യവസ്ഥകളിൽ ഇളവു വരുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ സ്വമേധയാ പിന്തിരിഞ്ഞത് എന്തുകൊണ്ടും നന്നായി. പുതിയ ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുമൊക്കെ നിർമ്മിക്കാൻ സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി മതിയാകുമെന്ന മട്ടിലാണ് മുൻ നിബന്ധനകളിൽ അയവു വരുത്താൻ സർക്കാർ ഒരുങ്ങിയത്. രണ്ടാഴ്ച മുൻപ് നടന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാൽ തീരുമാനത്തിലെ അപകടം ആരും പറയാതെ തന്നെ സർക്കാരിനു ബോദ്ധ്യമായെന്നു വേണം കരുതാൻ. അതുകൊണ്ടാകണമല്ലോ വിവാദ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. ആരാധനാലയ നിർമ്മാണത്തിനും നവീകരണത്തിനും കളക്ടറുടെ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയാണ് ഇതുവരെ നിലനിന്നിരുന്നത്. കളക്ടറിൽ നിന്ന് ഇതിനുള്ള അധികാരം എടുത്തുമാറ്റി അത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ള തീരുമാനമാണ് രണ്ടാഴ്ച മുൻപ് ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്. സ്വാഭാവികമായും വിവിധ മതസ്ഥാപനങ്ങളും സംഘടനകളും രാഷ്ട്രീയക്കാരുമൊക്കെ ഈ മാറ്റത്തെ സഹർഷം സ്വാഗതം ചെയ്തു. കളക്ടറുടെ അനുമതിക്കായി കാത്തുകിടക്കാതെ തങ്ങളുടെ വരുതിയിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ എളുപ്പത്തിൽ സ്വാധീനിച്ച് കാര്യം നടത്താമല്ലോ എന്ന ചിന്തയാകാം അവരിൽ ആഹ്ളാദം പകർന്നത്.
ആരാധനാലയപ്പെരുപ്പമുള്ള സംസ്ഥാനത്ത് ആർക്കും യഥേഷ്ടം പുതിയവ നിർമ്മിക്കാനുള്ള സാഹചര്യമുണ്ടായാൽ അതിൽ പതിയിരിക്കുന്ന അപകടം കാണാതെ പോകരുത്. മതസൗഹാർദ്ദത്തിനു പേരുകേട്ട സംസ്ഥാനത്തിന് കാലാന്തരത്തിൽ ആരാധനാലയങ്ങളുടെ പെരുപ്പം ദോഷകരമായി ഭവിച്ചെന്നും വരാം. ഇത് സർക്കാരും തിരിച്ചറിഞ്ഞതിന്റെ ലക്ഷണമായി വേണം ഈ വിഷയത്തിൽ നിബന്ധനകൾ കടുപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിനെ കാണാൻ. പുതിയവ നിർമ്മിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. അനുമതി നൽകാൻ ചുമതലപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
നാട്ടിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദവും സമാധാനവും തകരാനിടയാക്കുന്ന നിർമ്മാണങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്നാണു നിർദ്ദേശം. ഇതു മുൻകൂട്ടി കണ്ടുകൊണ്ടുവേണം നിർമ്മാണത്തിന് അനുമതി നൽകാൻ. തർക്കങ്ങൾ ഉയർന്നാൽ അതിനു പരിഹാരം കണ്ടശേഷം മാത്രമേ നിർമ്മാണം തുടരാൻ അനുവദിക്കാവൂ. നിലവിലുള്ള ആരാധനാലയങ്ങൾ നവീകരിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ കാര്യമായതിനാൽ സാധാരണ ഗതിയിൽ ആരും എതിർപ്പുമായി മുന്നോട്ടുവരികയില്ലെന്ന സൗകര്യം കാരണം മുൻകൂർ അനുമതി പ്രശ്നത്തിൽ പലപ്പോഴും ഉദാരസമീപനം സ്വീകരിക്കുകയാണു പതിവ്. ഏതുവിധ നിർമ്മാണമായാലും ചട്ടങ്ങൾ പാലിച്ചു വേണം നടത്താൻ എന്നതിൽ വീഴ്ചയുണ്ടാകാൻ പാടില്ല. സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഒരുവിധ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാകണം നിർമ്മാണവും നവീകരണ പ്രവൃത്തികളും. മറ്റൊരു പ്രധാനപ്പെട്ട നിബന്ധന ഭാവിയിലെ റോഡ് വികസനം കൂടി കണക്കാക്കി വേണം പുതിയ ആരാധനാലയ നിർമ്മാണത്തിന് അനുമതി നൽകാൻ എന്നതാണ്. പട്ടണങ്ങളിലും നഗരങ്ങളിലുമാണ് ഈ നിബന്ധന ഏറെ പ്രസക്തമാകുന്നത്. നന്നേ ഇടുങ്ങിയ റോഡുകൾക്കരികിലും തിരക്കേറിയ ജംഗ്ഷനുകളിലുമൊക്കെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതപ്രശ്നം ഏവർക്കും അറിവുള്ളതാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലാണ് അവയിലധികവും പിറവികൊണ്ടത്. വാഹനങ്ങളും തിരക്കും പ്രായേണ കുറവായിരുന്ന കാലത്ത് ഇത്തരം ആരാധനാലയങ്ങൾ അത്ര വലിയ പ്രശ്നമായിരുന്നില്ല. എന്നാലിന്ന് സ്ഥിതി അതല്ല. ആരാധനാലയങ്ങൾ മാത്രമല്ല അവയോടൊപ്പം ഉദിച്ചുപൊങ്ങുന്ന ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ കൂടിയാകുമ്പോൾ രൂക്ഷമായ ഗതാഗതപ്രശ്നങ്ങളും ഒപ്പമുണ്ടാകും. ആരാധനാലയങ്ങളുടെ കാര്യമായതിനാൽ നിയമപാലകർ പോലും നിയമലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണ് പതിവ്. നഗരകേന്ദ്രങ്ങളിൽ ഉത്സവ സീസണാകുമ്പോൾ റോഡുകൾ പൂർണമായും കെട്ടിയടച്ചുകൊണ്ടാവും ആഘോഷം. ഇവിടെ മാത്രമല്ല രാജ്യത്തെവിടെയും ഇതൊക്കെത്തന്നെയാണു സ്ഥിതി. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ട്.
പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനു പകരം ഉള്ളവ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു മുൻഗണന നൽകാനാണ് ശ്രമിക്കേണ്ടത്. പാഴ് വ്യയം ഒഴിവാക്കാൻ അതിലൂടെ സാധിക്കും. കേമത്തം കാണിക്കാനുള്ള രംഗമാകരുത് പുതിയ ആരാധനാലയ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ.