
നെയ്യാറ്റിൻകര: റോളർ സ്കേറ്രിംഗ് ഒഴിവാക്കാൻ നീക്കമെന്ന് പരാതി. വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് ആക്ഷേപം. നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിനുള്ളിലെ റോളർ സ്കേറ്റിംഗ് പ്ലാറ്റ്ഫോമാണ് ഒഴിവാക്കി പകരം വാഹന പാർക്കിംഗിനുള്ള സൗകര്യമൊരുക്കാൻ നഗരസഭ തയ്യാറെടുക്കുന്നത്. 2002-2003 കാലഘട്ടത്തിലാണ് അക്ഷയ കോപ്ലക്സിനുള്ളിൽ റോളർ സ്കേറ്റിംഗ് സംവിധാനം തുടങ്ങിയത്. 2.80 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് റോളർ സ്കേറ്റിംഗ് പ്ലാറ്റ്ഫോം നിർമ്മിച്ചത്.
രണ്ടായിരത്തിലേറെ കുട്ടികൾ പരിശീനം നേടിയ ഒരിടമാണ് അക്ഷയ കോംപ്ലക്സിനുള്ളിലെ ഈ പ്ലാറ്റ്ഫോം. ഇപ്പോൾ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്.
മില്ലെനിയും റോളർ സ്കേറ്റിംഗ് ക്ലബാണ് റോളർ സ്കേറ്റിംഗ് പരിശീലനം നൽകുന്നത്.
മാസം 400 രൂപ നിരക്കിൽ ഒരു വർഷത്തിൽ 4800 രൂപ വാടക ഇനത്തിൽ നഗരസഭയ്ക്ക് ക്ലബ് നൽകുന്നുമുണ്ട്. ഇവിടെ നിന്നും പരിശീലനം നേടിയ കുട്ടികൾ ദേശീയ സ്കൂൾ ഗെയിംസിലും യൂണിവേഴ്സിറ്റി തലത്തിലും പങ്കെടുക്കുന്നുണ്ട്. ദേശീയ തലത്തിൽ പെൺകുട്ടികൾ വിജയിച്ചിട്ടുമുണ്ട്. റോളർസ്കേറ്റിംഗ് ഇവിടെ തന്നെ തുടരണമെന്നാണ് പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യം.