
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'എമ്പുരാൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ 'ലൂസിഫറി'നു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയതു മുതൽ ആവേശത്തോടെയാണ് പ്രേക്ഷകർ 'എമ്പുരാനാ'യി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ എഴുത്തുജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കരാറിലേർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 'എമ്പുരാന്റെ' ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയാണ് പൃഥ്വിരാജ്.ലൂസിഫറുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങൾ പുറംതിരിഞ്ഞാണ് ചിത്രത്തിൽ നിൽക്കുന്നത്. ജതിൻ തന്റെ വലതു കൈ കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ കൈ J എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാണ്. ഇത് ജതിൻ എന്നോ ജീസസ് എന്നോ ആകാം എന്നാണ് കാഴ്ചക്കാരുടെ നിരീക്ഷണം. സ്റ്റീഫൻ തന്റെ ഇടതുകൈ കൊണ്ട് അഴികളിൽ പിടിച്ചിരിക്കുമ്പോൾ L എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപമാണതിന്. ഇത് ലൂസിഫർ എന്ന വാക്കിന്റെ ആദ്യ അക്ഷരം എന്നും വായിക്കുന്നു ചിലർ.
“ഈ പടത്തിൽ ഒന്നും ആക്സിഡന്റൽ അല്ല. എല്ലാം മനഃപൂർവം പ്ലേസ് ചെയ്തതാണ്,” എന്ന് മുൻപൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ വാക്കുകൾ കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ നൂറിരട്ടിയായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സിനിമ ഗ്രൂപ്പുകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മുരളി ഗോപിയെ ടാഗ് ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിന് മുരളി ഗോപി നൽകിയ മറുപടിയാകട്ടെ ആർക്കും മനസിലായിട്ടുമില്ല. നിങ്ങൾ കോഡ് ഭാഷയിലാണോ സംസാരിക്കുന്നത്, ഇലുമിനാറ്റിയാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്.
'More than a King..less than a God’-രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ' മറ്റൊരു രീതിയിൽ പറഞ്ഞാൽ 'തമ്പുരാനും മുകളിലുള്ള ഒരാൾ' 'എമ്പുരാൻ' ആരെന്ന ചോദ്യത്തിന് 'ലൂസിഫർ' ടീം നൽകിയ ഉത്തരമിതായിരുന്നു. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? 'ലൂസിഫർ' കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും 'എമ്പുരാൻ' വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
'സീക്വൽ ആണെന്നുകരുതി ലൂസിഫറിൽ കണ്ടതിന്റെ തുടർച്ച മാത്രമല്ല ചിത്രത്തിൽ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.