
' ലോകത്തെ ഏറ്റവും മനോഹരമായ താറാവ് ' എന്ന് വിശേഷിപ്പിക്കുന്ന മാൻഡരിൻ ഡക്കിനെ 119 വർഷങ്ങൾക്ക് ശേഷം അസാമിൽ കണ്ടെത്തി. ടിൻസുകിയ ജില്ലയിലാണ് ഈ അപൂർവ കാഴ്ച കണ്ടത്. വളരെ അപൂർവ പക്ഷിയായ മാൻഡരിൻ ഡക്കിനെ പ്രദേശത്തെ ചതുപ്പുനിലത്തിലെ ജലാശയത്തിൽ നീന്തി നടക്കുന്നതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ ജൂണിൽ ഓയിൽ ഇന്ത്യാ ലിമിറ്റഡിന്റെ ഒരു എണ്ണക്കിണറിലുണ്ടായ തീപിടിത്തം മഗൂരി - മൊടാപംഗ് ബീൽ എന്ന ഈ ചതുപ്പുനില പ്രദേശത്തെയും ബാധിച്ചിരുന്നു. ദേശാടന പക്ഷികളുടെ പറുദീസയാണ് ഇവിടം. എണ്ണക്കിണർ സ്ഫോടനത്തിന്റെ ആഘാതം ഇവിടുത്തെ പക്ഷികളെ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് മാൻഡരിൻ ഡക്ക് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.
വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയിലെ വിദഗ്ദ്ധർ അടങ്ങിയ പക്ഷി നിരീക്ഷക സംഘമാണ് ഒരു നൂറ്റാണ്ടിന് ശേഷം അസാമിൽ മാൻഡരിൻ ഡക്കിനെ കണ്ടെത്തിയിരിക്കുന്നത്. കിഴക്കൻ ചൈന, തെക്കൻ ജപ്പാൻ എന്നിവിടങ്ങളിലാണ് മാൻഡരിൻ ഡക്കുകളെ സാധാരണ കാണാൻ കഴിയുക. ഇപ്പോൾ ഇത് അസാമിൽ എങ്ങനെ എത്തി എന്ന് പക്ഷിനിരീക്ഷകർക്ക് കണ്ടെത്താനായിട്ടില്ല. മറ്റു ദേശാടന പക്ഷികൾക്കൊപ്പം എത്തിയതാകാമെന്നാണ് വിലയിരുത്തൽ.
മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാൻഡരിൻ ഡക്കുകളുടെ ആവാസവ്യവസ്ഥ. മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. മാൻഡരിൻ ഡക്കുകൾ ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നത് വളരെ അപൂർവമാണ്. 1902ലാണ് അസാമിൽ അവസാനമായി ഒരു മാൻഡരിൻ ഡക്കിനെ കണ്ടത്. അസാമിലെ മാൻഡരിൻ ഡക്കിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.