shafi

കല്ലറ: പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാതെ ഭരണ പ്രതിസന്ധിയിലായ പാങ്ങോട് പഞ്ചായത്തിൽ വെൽഫേർ പാർട്ടി പിന്തുണയോടെ കോൺഗ്രസ് അംഗം എം.എം. ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീരുമാനമായില്ല.

19 വാർഡുകളുള്ള പാങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫ്- എട്ട്, യു.ഡി.എഫ് -ഏഴ്, വെൽഫേർ പാർട്ടി -രണ്ട്, എസ്.ഡി.പി.ഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വെൽഫേർ പാർട്ടി യു.ഡി.എഫിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ 9 വോട്ടുകളോടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു. എസ്.ഡി.പി.ഐയിലെ രണ്ട് അംഗങ്ങൾ വിട്ടു നിന്നു. തുടർന്ന് എം. എം. ഷാഫി വരണാധികാരിയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വെൽഫേർ പാർട്ടി യു.ഡി.എഫിനെ അനുകൂലിച്ചപ്പോൾ, എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ അനുകൂലിച്ചു. എന്നാൽ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫ് രാജിവച്ചു. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാതെ ഭരണ പ്രതിസന്ധിയിലാവുകയായിരുന്നു.