cpm

തിരുവനന്തപുരം: പാചക വാതക, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ 21ന് വൈകിട്ട് 5ന് സംസ്ഥാനത്താകെ അടുപ്പുകൂട്ടൽ സമരം സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വില വർദ്ധനവിൽ പ്രതിഷേധിക്കുന്ന കുടുംബങ്ങൾ ബൂത്തുതലത്തിൽ ഒത്തുചേർന്ന് കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അടുപ്പുകൾ കൂട്ടി പാചകം ചെയ്യും.

2014ൽ 72 രൂപയായിരുന്ന പെട്രോളിന് 100 രൂപ കടന്നിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി നിരക്കുകൾ ഉയർത്തി വില വർദ്ധിപ്പിക്കുകയായിരുന്നു മോദി സർക്കാർ. 10 ദിവസത്തിനുള്ളിൽ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സൗജന്യമായി നൽകുന്ന അരിയും ഭക്ഷ്യ വസ്തുക്കളും പാചകം ചെയ്ത് കഴിക്കാൻ വലിയ വില നൽകേണ്ട അവസ്ഥയാണെന്നും അടുപ്പുകൂട്ടൽ സമരം വിജയിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.