photo

പാലോട്: ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണക്കാട് കരിമഠം കോളനിയിൽ നിന്ന് വലിയ താന്നിമൂട് കൈതാമരപൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന മുകേഷിനെയാണ് (27) പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസികൾക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 19നായിരുന്നു സംഭവം.

ഇരുകുടുംബങ്ങളും തികഞ്ഞ സൗഹൃദത്തിലായിരുന്നു. സംഭവദിവസം ഇരുവീട്ടുകാരും ഒരുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. അതിനുശേഷമാണ് മുകേഷ്, തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തായ രാജേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാജേഷിന്റെ കുട്ടികളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. തടയാൻ ചെന്ന രാജേഷിന്റെ ഭാര്യയ്ക്കും കുത്തേറ്റു. രക്ഷപ്പെട്ട മുകേഷിനെ സ്ഥലത്തെത്തിയ പാലോട് പൊലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. രാജേഷ് അപകടനില തരണം ചെയ്തിട്ടില്ല. നെടുമങ്ങാട് ഡിവൈ.എസ്.പി. ഉമേഷിന്റെ നേതൃത്വത്തിൽ പാലോട് എസ്.എച്ച്.ഒ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐമാരായ സാംരാജ്, ഇർഷാദ്, അൻസാരി, എ.എസ്.ഐ മാരായ അനിൽകുമാർ, സജു, അജി, എസ്.സി.പി.ഒ മാരായ പ്രശാന്ത്, രാജേഷ്, റിയാസ്, അരുൺ, ഷിബു, സുനിലാൽ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.