
മമ്മൂട്ടി തിങ്കളാഴ്ച ജോയിൻ ചെയ്യും
ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 21 ഞായറാഴ്ചഎറണാകുളത്ത് തുടങ്ങും. മമ്മൂട്ടി തിങ്കളാഴ്ച ജോയിൻ ചെയ്യും.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ഭീഷ്മപർവം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു വൻ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. ബിഗ്ബിയുടെ സീക്വലായ ബിലാൽ ചെയ്യാനായിരുന്നു നേരത്തെ മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനമെങ്കിലും അപ്രതീക്ഷിതമായി കടന്നുവന്ന കൊവിഡ് മഹാമാരി കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു. പോളണ്ട് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കേണ്ട വലിയ കാൻവാസിലുള്ള ബിലാൽ മാറ്റിവച്ചിട്ട് അമൽ എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കാനാവുന്ന ഒരു മമ്മൂട്ടി ചിത്രം പ്ളാൻ ചെയ്യുകയായിരുന്നു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മാർച്ച് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ ആണ് പൂർത്തിയായി കഴിഞ്ഞ മറ്റൊരു മമ്മൂട്ടി ചിത്രം. സഞ്ജയ് - ബോബി ടീമാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വണ്ണിന്റെ രചന നിർവഹിക്കുന്നത്. തെലുങ്ക് ചിത്രമായ യാത്രയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും തമിഴ് ചിത്രമായ മക്കൾ ആട്ചിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായും വേഷ മിട്ട മമ്മൂട്ടി ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിക്കുന്നത്. മൂന്നും സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിയായും അഭിനയിച്ച ഏകനടനും മമ്മൂട്ടിയാണ്.