
പാലോട്: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പാലോട് കേന്ദ്രമാക്കി പുതിയ ഫയർസ്റ്റേഷന് സർക്കാർ അനുമതി നൽകി. വിതുരയിലും നെടുമങ്ങാടുമുള്ള യൂണിറ്റുകളുടെ സേവനമായിരുന്നു ഇക്കാലമത്രയും പ്രദേശത്തിന്റെ ആശ്രയം.
അപകടങ്ങൾ പതിവായ വനമേഖലയിൽ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിന് ഈ ദൂരപരിധി തടസമായിരുന്നു. മഴക്കെടുതികളിൽ സമയബന്ധിതമായി ഇടപെടാനും കഴിഞ്ഞിരുന്നില്ല. കൂടാതെ ജില്ലയിലെ ഏറ്റവും കൂടുതൽ പടക്കനിർമ്മാണ മേഖലയും ഇവിടമാണ്. ഇതോടെ പാലോട് കേന്ദ്രമാക്കി അഗ്നിരക്ഷാ നിലയം വേണമെന്നാവശ്യമുയർന്നു. പല നിവേദനങ്ങൾക്ക് ശേഷം വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ പാലോട് ആശുപത്രിക്ക് എതിർവശത്തുള്ള റവന്യുഭൂമി കൈമാറി.
ഡി.കെ. മുരളി എം.എൽ.എയുടെ ശക്തമായ ഇടപെടലുകളെ തുടർന്നാണ് അഗ്നിരക്ഷാ നിലയത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. കെട്ടിട സൗകര്യവും വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ഒരുക്കിയാൽ പ്രവർത്തനമാരംഭിക്കും. ഇതിനായി പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. എന്നാൽ ഫയർ സ്റ്റേഷനായി ഏറ്റെടുത്ത സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഫയർസ്റ്റേഷന്റെ ഓഫീസിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സിംഫണി ഗ്രന്ഥശാലാ മന്ദിരത്തിൽ സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.