
എൺപതുകളുടെ അവസാന കാലം. കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നിട്ട് അധിക കാലമായിട്ടില്ല. മണിസാറിനെ ദൂരെനിന്ന് കണ്ടിട്ടേയുള്ളൂ. കേരളകൗമുദിയിലെ വീട്ടിൽ അമ്മയായ മാധവി സുകുമാരനെ കണ്ടിട്ട് കുമാരപുരത്തെ വീട്ടിലേക്ക് പോകാൻ സാർ കാറിലേക്ക് കയറുമ്പോഴാണ് ആദ്യമായി കണ്ടത്. വെള്ളമുണ്ടും വെള്ള ഷർട്ടുമായിരുന്നു വേഷം. അത്യാവശ്യം നല്ലവണ്ണം. സാമാന്യത്തിലധികം തിളങ്ങുന്ന മുഖം. ബുദ്ധികൂർമ്മതയെ സൂചിപ്പിക്കുന്ന വിശാലമായ നെറ്റി. ഒരിക്കലും ആൾക്കൂട്ടത്തിൽ ഒരാളാവാൻ കഴിയാത്ത ആകാരവടിവ്. സാർ എവിടെയെങ്കിലും, പ്രത്യേകിച്ചും കേരളത്തിൽ, നിൽക്കുകയാണെങ്കിൽ, ആൾക്കൂട്ടമാവും സാറിനെ ശ്രദ്ധിക്കുക. അതിനെക്കുറിച്ച് സാറും ബോധവാനായിരുന്നു. പിന്നീട് അടുത്തു കഴിഞ്ഞപ്പോഴാണ് ആൾക്കൂട്ടത്തിൽ ആരുമറിയാത്ത ഒരാളായി അലിഞ്ഞുചേർന്ന് നടക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു സാർ എന്നറിഞ്ഞത്. കേരളം വിടുമ്പോഴാണ് സാറിന്റെ അത്തരം ആഗ്രഹങ്ങൾ സഫലമാവുക. മുംബെയിലെ ക്രാഫോർഡ് മാർക്കറ്റിൽ പലതരത്തിലുള്ള മാങ്ങകൾ ഒാരോന്നും എടുത്ത് മണത്തു നോക്കി വാങ്ങുമ്പോഴും മറ്റ് ചില പേരറിയാത്ത പഴങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും ഞാൻ പിറകെ നടന്നിട്ടുണ്ട്. ആരും തന്നെ തിരിച്ചറിയുന്നില്ലെന്ന ആ സാഹചര്യം സാർ ശരിക്കും ആസ്വദിച്ചിരുന്നു.
നമ്മളെല്ലാം അറിയുന്ന മണിസാറിനുള്ളിൽ നമ്മളൊന്നും അറിയാത്ത ഒരാൾ എന്നും ഉണ്ടായിരുന്നു. കേരളകൗമുദിയിൽ ദൂരെനിന്ന് കണ്ട മണിസാറിനെ വളരെ അടുത്തുനിന്ന് ആദ്യം അഭിമുഖീകരിച്ചത് ഒരു വിചാരണയുടെ ഭാഗമായിട്ടായിരുന്നു. അവിവാഹിതരുടെ ഒരു മടയിലായിരുന്നു അന്നെന്റെ താമസം. ഞങ്ങൾ അവിവാഹിതർ ഒരു ദിവസം രാത്രി 12 മണിക്ക് നടക്കാനിറങ്ങി. ഞങ്ങൾ എന്നാൽ എനിക്ക് പുറമേ സഹപ്രവർത്തകരായ രാജൻബാബു, അകാലത്തിൽ പൊലിഞ്ഞുപോയ ദയാൽ, രാജശേഖരൻ എന്നിവർ. സെക്രട്ടേറിയറ്റിന്റെ മുന്നിലിരുന്ന ഞങ്ങളെ പൊലീസ് പിടിച്ചു. അത് വലിയ വിഷയമായി. പിറ്റേന്ന് വിചാരണയ്ക്ക് എഡിറ്റർ ഇൻ ചീഫ് മണിസാറിന്റെ മുറിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പ് രാജൻബാബു സ്വതസിദ്ധമായ നീട്ടിയ ശൈലിയിൽ പറഞ്ഞു:
'ജോലി പോയതുതന്നെ..."
പേടിച്ചാണ് ഞങ്ങൾ സാറിന്റെ മുറിയിൽ കയറിയത്. വിശ്വനാഥൻ സാർ ഇരിപ്പുണ്ട്. എല്ലാവരോടും മണിസാർ ഇരിക്കാൻ പറഞ്ഞു. ഇരുന്നു. കനത്ത ശബ്ദത്തിലുള്ള ഒരു ശാസനയാണ് മിനിമം ആദ്യം പ്രതീക്ഷിച്ചത്.
മണിസാറിന്റെ ആദ്യത്തെ ചോദ്യം ഞെട്ടിച്ചുകളഞ്ഞു.
എത്രയെണ്ണം അടിച്ചു?
'അരക്കുപ്പി നാലുപേർ സാർ."കോറസായി ഞങ്ങളുടെ മറുപടി.
നാണമില്ലേടാ നിനക്കൊക്കെ. അരക്കുപ്പി നാലു പേരടിച്ച് ഫിറ്റാകാൻ.
വിശ്വനാഥൻ സാറാണ് ആദ്യം ചിരിച്ചത്. മണിസാറിന്റെ പിന്നീട് എത്രയോ തവണ കേട്ട പൊട്ടിച്ചിരി പിന്നാലെ.
പ്രശ്നം അതോടെ തീർന്നു. സാറിന് ഞങ്ങൾക്കെതിരെ നടപടി എടുക്കാമായിരുന്നു. പക്ഷേ എടുത്തില്ല. കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് 'ഇനി ശ്രദ്ധിക്കണം" എന്ന് മാത്രം ചെറുചിരിയോടെ പറഞ്ഞു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ മുംബയിൽ നിന്ന് കലാകൗമുദി പത്രം തുടങ്ങിയപ്പോൾ അതിന്റെ ഭാഗമാകാനായി ഞാനും ജയകുമാർ പണ്ടാലയും മറ്റു ചിലരും മുംബെയിലേക്ക് പോയി. ഒാരോ മൂന്നാഴ്ച കൂടുന്തോറും മണിസാർ മുംബയിൽ വരുമായിരുന്നു. മൂന്നോ നാലോ ദിവസം തങ്ങും. മുംബയിലെ സമ്പന്നർ വസിക്കുന്ന കഫ് പരേഡിലെ കമ്പനി വക ഫ്ളാറ്റിലാണ് സാർ താമസിക്കുന്നത്. ഞങ്ങളെയും കൂട്ടും. ആ ദിവസങ്ങൾ കണ്ണടച്ചാൽ മിന്നാമിനുങ്ങുകളായി ഇന്നും മനസിൽ തെളിയും.
പത്രപ്രവർത്തനത്തെപ്പറ്റിയൊന്നും സാർ അധികം സംസാരിക്കില്ല. വളരെ അപൂർവമായി ചിലപ്പോൾ സംസാരിക്കുമ്പോൾ ഒരു പുസ്തകത്തിൽ നിന്നും കിട്ടാത്ത അറിവുകളായി അത് വാർന്നുവീഴും. ഇതിനിടയിൽ ഒരു പല്ലി ചിലച്ചാൽ പിന്നെ അതിനെപ്പറ്റിയാവും സംസാരം. പല്ലികളുടെ ദാമ്പത്യ ജീവിതം വരെ സാറ് സവിസ്തരം പ്രതിപാദിക്കും. പലതും കൈയിൽ നിന്നിട്ട് പറയുന്നതാണ്. സാറിനതൊക്കെ ഒരു രസമായിരുന്നു.
പഴയ പത്രപ്രവർത്തന കാര്യങ്ങളൊന്നും ഒരു വലിയ കാര്യമെന്ന നിലയിൽ സാർ അവതരിപ്പിക്കുകയേ ഇല്ല. പത്രപ്രവർത്തനത്തിൽ സാറിന് അറിഞ്ഞുകൂടാത്ത ഒരു മേഖലയും ഇല്ലായിരുന്നു. ഹാൻഡ് കമ്പോസിംഗ് മുതൽ എഡിറ്റോറിയൽ എഴുത്തുവരെ. അലക്കിത്തേച്ച വാക്കുകളൊന്നുമല്ല സാർ എഡിറ്റോറിയൽ എഴുതുമ്പോൾ ഉപയോഗിക്കുന്നത്. നല്ല നാട്ടുപ്രയോഗങ്ങളും മുളകരച്ച് പുരട്ടിയ വാക്കുകളുമൊക്കെ അതിൽ വരും. പരിഹസിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യപ്പെടുന്ന വ്യക്തിക്ക് ഒരു ജന്മം തലയിൽ മുണ്ടിട്ട് നടക്കേണ്ട വക അതിലുണ്ടാകും. വാർത്തകളും വ്യക്തികളും സാറിന് എന്നും അടങ്ങാത്ത ലഹരിയായിരുന്നു.
പഴയ ഹിന്ദി ഗാനങ്ങളും ഭാസ്കരൻ മാഷിന്റെ സിനിമാ ഗാനങ്ങളുമൊക്കെ സാറ് പാടുന്നത് മുംബയിലെ ദിനങ്ങളിൽ രാവിലെ ആയിരുന്നു. ഒാരോ പ്രഭാതവും അഭിനിവേശത്തോടെയാണ് സാർ ഉൾക്കൊണ്ടിരുന്നത്. പ്രപഞ്ചം ഒരു മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്നതുപോലെ.
ഒാരോ ജീവനക്കാരനുമായും സാറിന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. ഒാരോരുത്തരുടെ വ്യക്തി ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദർഭം സാറിന്റെ കൈയൊപ്പ് പതിഞ്ഞതായിരുന്നു. അത് മക്കളുടെ ഫീസടയ്ക്കുന്ന സന്ദർഭത്തിലായാലും മറ്റു വ്യക്തിപരമായ വൈഷമ്യങ്ങളുടെ കാര്യത്തിലായാലും. ഒരു കൈകൊണ്ട് നൽകുന്നത് മറുകൈ അറിയാതിരിക്കാൻ സാർ എന്നും ശ്രദ്ധിച്ചിരുന്നു. ഏറ്റവും ആദരവോടെ സാർ എന്നും സംസാരിച്ചിരുന്നത് എ.കെ.ജി യെക്കുറിച്ചായിരുന്നു. പിന്നീട് വി.കെ. കൃഷ്ണമേനോനെക്കുറിച്ച് പറയുമ്പോഴാണ് ആ മതിപ്പ് കണ്ടിട്ടുള്ളത്.
ഒരു ജീവിതത്തിൽ അസംഖ്യം ജീവിതങ്ങൾ ജീവിച്ചുതീർത്ത മണിസാർ ഒറ്റവാക്കിൽ പറഞ്ഞാൽ ബുദ്ധിയെ ഹൃദയംകൊണ്ട് കീഴടക്കിയ സ്നേഹത്തിന്റെ കാനൽ ജലമായിരുന്നു. ആധുനിക കേരളത്തിലെ ഏറ്റവും ഉജ്ജ്വലനായ പത്രാധിപർ മണിസാറിന്റെ ഒാർമ്മയ്ക്ക് ഇന്നലെ ഒരു വയസായി.