
ഒമ്പതു പതിറ്റാണ്ടോളമായ സാർത്ഥകമായ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സിന് തുടക്കമിടുകയാണ് മെട്രോമാൻ ഇ.ശ്രീധരൻ. രാജ്യം അഭിമാനത്തോടെയും വിശ്വാസത്തോടെയും നെഞ്ചിലേറ്റിയ ആ പേര് ഇനി രാഷ്ട്രീയത്തിലും അലയടിക്കും. ബി.ജെ.പിയിലൂടെയാണ് മെട്രോമാന്റെ രാഷ്ട്രീയപ്രവേശം. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കും. രാജ്യത്തെ പൊതുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റിയ ശ്രീധരൻ വെറും ഒരു എൻജിനിയർ മാത്രമല്ല, വൈദഗ്ദ്ധ്യം കൊണ്ട് ഇന്ത്യ മുഴുവൻ ആദരിക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്. ആ പേരിൽ രാജ്യത്തിന് അത്രത്തോളം വിശ്വാസമുണ്ട്. പാമ്പൻപാലത്തോളം ഉറച്ച വിശ്വാസം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്.
മെട്രോയിലേറി കൊച്ചി അഭിമാനക്കുതിപ്പ് നടത്തുമ്പോൾ, അതിന്റെ ചരിത്രത്തിനൊപ്പം എഴുതിച്ചേർക്കേണ്ട പേരാണ് ഇ.ശ്രീധരൻ. കടലെടുത്ത പാമ്പൻപാലം 46ദിവസം കൊണ്ട് പുനർനിർമ്മിച്ച, പശ്ചിമഘട്ട മലനിരകൾ നെടുകെ പിളർന്നും തുരങ്കങ്ങളുണ്ടാക്കിയും മലയാളികൾക്ക് മുംബെയിലെത്താൻ 760 കിലോമീറ്റർ കൊങ്കൺപാത പണിത അതേ ഇച്ഛാശക്തിയോടെ ശ്രീധരൻ ഒഴുക്കിയ വിയർപ്പിന്റെ വിലയാണ് കൊച്ചിമെട്രോ എന്ന അത്ഭുതം. സ്ഥലമെടുപ്പ് മുതൽ വിദേശബന്ധം വരെ എതിർപ്പുകളുടെ പ്രളയം കടന്നാണ് കൊച്ചി മെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. നിശ്ചയദാർഢ്യവും കൃത്യനിഷ്ഠയും കഠിനപ്രയത്നവും കണിശതയും ജീവിതത്തിന്റെ ഭാഗമാക്കിയ ഈ 88കാരനുമുന്നിൽ 'അസാദ്ധ്യം' എന്ന വാക്ക് അപ്രസക്തമാണ്.
രാമേശ്വരവും തമിഴ്നാടും കൂട്ടിമുട്ടിക്കുന്ന പാമ്പൻപാലം 1964ൽ കടലെടുത്തപ്പോൾ, 31കാരനായ യുവഎക്സിക്യൂട്ടീവ് എൻജിനിയറെയാണ് പുനർനിർമ്മാണം ഏല്പിച്ചത്. റെയിൽവേയുടെ തീരുമാനത്തിൽ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. പുതിയ പാലം പണിയാൻ സർക്കാരിനോട് ഒരുവർഷം സാവകാശം നേടിയ റെയിൽവേ, ശ്രീധരന് ആറുമാസമാണ് അനുവദിച്ചത്. പാലംപണി തീരാൻ ഒരാഴ്ചകൂടി വേണമെന്ന് റെയിൽവേമന്ത്രി എസ്.കെ.പാട്ടീൽ പാർലമെന്റിനെ അറിയിച്ച രാത്രിയിൽ പാമ്പൻപാലത്തിന്റെ അവസാന ഗർഡറും സ്ഥാപിച്ച് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരൻ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46 ദിവസം കൊണ്ട് പാമ്പൻപാലം പുതുക്കിപ്പണിത് ശ്രീധരൻ ലോകത്തെ അത്ഭുതപ്പെടുത്തി. ഏറ്റെടുക്കുന്ന പദ്ധതികൾ നിശ്ചിതതീയതിക്കു മുൻപേ പൂർത്തിയാക്കുന്നത് പിന്നീട് ശ്രീധരന്റെ ശീലമായി മാറി.
അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരൻ ഒരുക്കിയ 760 കിലോമീറ്റർ കൊങ്കൺ റെയിൽപ്പാത, ബ്രിട്ടീഷുകാർ പോലും അസാദ്ധ്യമെന്ന് എഴുതിത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളിൽ നിന്ന് ഒരുവർഷത്തിനുള്ളിൽ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എൻജിനിയറിംഗ് വൈദഗ്ദ്ധ്യവും നിശ്ചയദാർഢ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകൾ പിളർന്നും തുരന്നും കൂറ്റൻ പാലങ്ങളുണ്ടാക്കിയും കൊങ്കൺപാതയ്ക്ക് ശ്രീധരൻ വഴിയൊരുക്കി. 92ടണലുകൾ, 179വൻപാലങ്ങൾ, 1819 ചെറുപാലങ്ങൾ എന്നിവയൊരുക്കി. പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടക്കാൻ ശ്രീധരന് വേണ്ടിവന്നത് ഏഴുവർഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചിൽ മറികടക്കാൻ കോൺക്രീറ്റ് പമ്പ് ചെയ്തുണ്ടാക്കിയ കൃത്രിമപ്പാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവർഷം മുൻപ്. ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂർ ബസ് യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാൽ മണിക്കൂർ യാത്രയാക്കി ചുരുക്കിയത് ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖം മാറ്രി. കൃത്യതയുള്ള സർവീസുകൾ ഡൽഹിയുടെ ജീവിതതാളമായി മാറി. മെട്രോമാൻ എന്ന് പേരെടുത്ത ശ്രീധരന് 2001ൽ പദ്മശ്രീയും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
രാജ്യമാകെ മെട്രോ നിർമ്മിച്ച ശ്രീധരൻ, കൊച്ചി മെട്രോ നിർമ്മിച്ച് പിറന്ന നാട്ടിലും ചരിത്രമെഴുതി. കൊച്ചി മെട്രോയുടെ നിർമാണച്ചുമതല ഡി.എം.ആർ.സി.യെ ഏൽപ്പിക്കാതിരിക്കാൻ നീക്കമുണ്ടായിരുന്നു. ആ സമയത്ത് ശ്രീധരനും ഡി.എം.ആർ.സി.ക്കുമായി ശക്തമായ സമ്മർദ്ദമാണ് പൊതുസമൂഹത്തിൽ നിന്നുണ്ടായത്. ഒടുവിൽ മെട്രോയുടെ നിർമ്മാണച്ചുമതലയുമായി 2012ൽ അദ്ദേഹം കൊച്ചിയിലെത്തി. 2017 ജൂൺ 17ന് കൊച്ചി മെട്രോയ്ക്ക് പ്രധാനമന്ത്റി നരേന്ദ്രമോദി പച്ചക്കൊടി കാട്ടുമ്പോൾ ശ്രീധരന്റെ പേര് കേരളത്തിന്റെ ഗതാഗതചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിരുന്നു. പാലാരിവട്ടംപാലം അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അത് പുനർനിർമിക്കുന്ന ചുമതല ശ്രീധരൻ ഏറ്റെടുത്തു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ, വയനാട് ചുരം ബദൽ പാത എന്നിവയിലെല്ലാം ശ്രീധരന്റെ കരസ്പർശമുണ്ടായി. മാലിന്യങ്ങൾ നീക്കി ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ നായകനായും അദ്ദേഹമെത്തി. മൂല്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തിനായി എഫ്.ആർ.എൻ.വി.യുടെ (ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ്) പദ്ധതിയിലും ശ്രീധരനുണ്ട്.
ഡി.എം.ആർ.സിയിൽ നിന്ന് വിരമിച്ചെങ്കിലും വെറുതെയിരിക്കാൻ ശ്രീധരനെ കിട്ടില്ല. കേരളത്തിലെ ഗതാഗത പദ്ധതികൾക്ക് പുറമെ കാശ്മീരിനെ സുന്ദരിയാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. കാശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. 50 വർഷം മുൻപ് 60 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ദാൽ തടാകം ഇപ്പോൾ 25 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. തടാകത്തിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കും. തടാകത്തിലെ കളകൾ മാറ്റുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡിന്റെ സഹായത്തോടെ ഒരു യന്ത്റം രൂപകല്പന ചെയ്തു. ഇത് കൊടുങ്ങല്ലൂരിലാണ് നിർമിച്ചത്. കൊവിഡിന്റെ സമയത്താണ് ഇത് കൊടുങ്ങല്ലൂരിൽനിന്ന് റോഡുമാർഗം കാശ്മീരിലെത്തിച്ചത്. അവിടെ കള മാറ്റുന്ന ജോലികൾ തുടങ്ങി. ശ്രീനഗറിലെ 70 ശതമാനം അഴുക്കുചാലുകളും ദാൽ തടാകത്തിലേക്കാണ് തുറക്കുന്നത്. അത് തടഞ്ഞ്, തടാകം കൈയേറിയ 9000 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം- അങ്ങനെ ചരിത്രമാകേണ്ട ദൗത്യങ്ങൾ നിരവധിയുണ്ട് ഈ പൊന്നാനിക്കാരന്.
അറിയാം സമയത്തിന്റെ വില
പട്ടാമ്പി കറുകപുത്തൂരിൽ അമ്മാളുഅമ്മയുടെയും നീലകണ്ഠൻ മൂസിന്റെയും മകനായി 1932ൽ ജനിച്ച എളാട്ടുവളപ്പിൽ ശ്രീധരൻ ശുദ്ധവെജിറ്റേറിയനാണ്. പുലർച്ചെ നാലരയ്ക്കുണർന്ന് അരമണിക്കൂർ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂർ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീർത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തുമായിരുന്നു. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈൽഫോൺ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാർഗദർശി. ഭാര്യ- രാധ. ഇംഗ്ലണ്ടിൽ ഡോക്ടറായ അച്യുത്മേനോൻ, ബംഗളൂരുവിൽ എ.ബി.ബിയിൽ ചീഫഎൻജിനിയറായ കൃഷ്ണദാസ് എന്നിവർ മക്കൾ.
പാലക്കാട് ബേസൽ സ്കൂൾ പഠനകാലത്ത് ഫുട്ബാൾ, അത്ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത് മലബാർ കായികമേളയിൽ ഹർഡിൽസ് മത്സരത്തിൽ ഒന്നാമൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷൻ സ്കൂളിലും കോളേജിലും സഹപാഠി. കാക്കിനട എൻജിനിയറിംഗ് കോളേജിലെ ഫുട്ബാൾ ടീം ക്യാപ്റ്റൻ. കോഴിക്കോട് പോളിടെക്നിക് അദ്ധ്യാപകനായ ശേഷമാണ് 1954ഡിസംബറിൽ റെയിൽവേയിൽ ചേർന്നത്. കൊച്ചിൻ കപ്പൽശാലയുടെ ചെയർമാനായിരുന്നപ്പോഴാണ് ഒരുവർഷം കൊണ്ട് റാണിപദ്മിനി കപ്പൽ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കർണാടകത്തിലെ ഹാസൻ-മംഗലാപുരം പാതയും പറഞ്ഞ സമയത്തിനകം പൂർത്തിയാക്കി. ജയ്പൂർ, ലക്നൗ, വിശാഖപട്ടണം, കാക്കിനട മെട്രോകളുടെ മേൽനോട്ടം ശ്രീധരനായിരുന്നു. മെട്രോപദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്.
പാലാരിവട്ടത്തെ നാണക്കേട് നീക്കി
സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെയാണ് പാലാരിവട്ടം മേൽപ്പാലം ശ്രീധരൻ പുതുക്കിപ്പണിയുന്നത്. കൊച്ചിയിൽ നേരത്തെ ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) നിർമിച്ച നാല് പാലങ്ങൾ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് പൂർത്തിയാക്കിയതിലൂടെ മിച്ചം വന്ന 17.4 കോടി രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കുക. അഴിമതിക്കഥകളും കമ്മിഷൻ ഇടപാടുകളും സർക്കാർ പദ്ധതികളിലെ ധൂർത്തും മാത്രം പരിചയിച്ച കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതാണ് മെട്രോമാന്റെ ഈ വാഗ്ദാനം. മിച്ചം വന്ന തുക ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിന്ന് സർക്കാരിന് തിരികെ നൽകാനിരിക്കുമ്പോഴാണ് പുതിയ നിയോഗമെത്തിയത്. മുമ്പു നടത്തിയ നിർമ്മാണങ്ങൾക്ക് വിനിയോഗിച്ചതിനു ശേഷം ബാക്കി നിൽക്കുന്ന തുക ഉപയോഗിച്ച് ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ നിർമാണജോലി ഏറ്റെടുക്കുമെന്ന് ശ്രീധരൻ പ്രഖ്യാപിച്ചു.
കേരളത്തിൽ വികസനത്തിന് ദിശാബോധമില്ല
പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യക്തമായ ആശയമില്ലെന്നും ശ്രദ്ധ മുഴുവൻ രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറിയെന്നുമാണ് ശ്രീധരന്റെ വിമർശനം. പ്രളയശേഷം നവകേരളം സൃഷ്ടിക്കുമെന്ന മുദ്രാവാക്യം ഉയർത്തിയെങ്കിലും ദുരിതബാധിതരെ പൂർവസ്ഥിതിയിലെത്തിക്കാൻ മാത്രമാണ് ശ്രമിച്ചത്. ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. പ്രളയക്കെടുതി മനുഷ്യനിർമ്മിതമെന്ന് പരിസ്ഥിതിപ്രവർത്തകരും എൻജിനീയർമാരും ഉന്നയിച്ച സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമെന്തെന്ന് കണ്ടെത്താൻ അടിയന്തര നടപടി വേണമായിരുന്നു. പ്രകൃതിക്കും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്ന നവകേരള നിർമ്മാണ പദ്ധതിയാണ് ആവിഷ്കരിക്കേണ്ടിയിരുന്നത്.
ദുരന്തങ്ങളെ അവസരമാക്കിയ നിരവധി ഉദാഹരണങ്ങൾ ലോകത്തിലുണ്ട്. എന്താണ് വേണ്ടതെന്ന് കേരളം ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം മാത്രമല്ല വേണ്ടത്. ജനങ്ങളുടെ ചിന്തയുടെയും മനോഭാവത്തിന്റെയും ഗുണപരമായ മാറ്റവും സർക്കാരിലെ പുതിയ തൊഴിൽ സംസ്കാരവുമാണ് വേണ്ടത്. അതിന് ധാർമ്മികമൂല്യങ്ങളിൽ അധിഷ്ഠിതമായ ദൃഢനിശ്ചയവും സമർപ്പണവുമാണ് വേണ്ടത്.
പൊതുസ്ഥലങ്ങളുടെ ശുചിത്വം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നവീകരണവും പരിഷ്കാരവും, പാവപ്പെട്ടവർക്ക് പൂർണ ചികിത്സാസൗകര്യം, മികച്ച റോഡുകളും നിയമം നടപ്പാക്കലും വഴി അപകടങ്ങൾ കുറയ്ക്കൽ, കൂടുതൽ തൊഴിലവസരങ്ങൾ, വ്യവസായികരംഗത്ത് നിക്ഷേപങ്ങൾ ആകർഷിക്കുക, കൃഷി എന്നിവയിലാണ് കേരളം ശ്രദ്ധിക്കേണ്ടത്- മെട്രോമാൻ പറയുന്നു.