
തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത് സി.പി.എം കണ്ണൂർ ലോബിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
നിയമനങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാൻ മുഖ്യമന്ത്റി തയ്യാറാകണം. കണ്ണൂർ ലോബി പലർക്കും ജോലി വാഗ്ദാനം ചെയ്തെങ്കിലും പൂർണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാൽ പിൻവാതിൽ നിയമനം തുടരുമെന്ന് മുഖ്യമന്ത്റി പറഞ്ഞത്. ഇത് ധാർഷ്ട്യമാണ്. എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണ്.
സമരത്തെ ചോരയിൽ മുക്കാൻ ശ്രമം
ന്യായമായ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു നടത്തിയ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്റി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത് പൊലീസാണ്. അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.