isac-chandrasekharan

തിരുവനന്തപുരം: തസ്തികകൾ വാരിക്കോരി അനുവദിച്ച കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ദുരന്ത നിവാരണ വകുപ്പിന് ആറ് തസ്തികകൾ അനുവദിക്കാത്തതിനെ ചൊല്ലി ധന, റവന്യൂമന്ത്രിമാർ തമ്മിൽ ഇടഞ്ഞു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലേക്കുൾപ്പെടെ ആറ് ഡെപ്യൂട്ടി കളക്ടർ തസ്തികകൾ വേണമെന്ന മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യം മന്ത്രി തോമസ് ഐസക് നിരസിച്ചതാണ് തർക്കത്തിനിടയാക്കിയത്.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തദ്ദേശഭരണ വകുപ്പിന് കൈകാര്യം ചെയ്യാനാവുമെന്ന് വാദിക്കുകയായിരുന്നു ഐസക്. ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരിശീലന പരിപാടികൾക്കുമായി തസ്തികകൾ വേണമെന്ന് റവന്യൂമന്ത്രി ആവർത്തിച്ചിട്ടും ധനമന്ത്രി വഴങ്ങിയില്ല. തർക്കം മുറുകിയിട്ടും മുഖ്യമന്ത്രി ഉൾപ്പെടെ മൗനം പാലിച്ചു.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിറുത്തിവയ്ക്കാനും വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രിയാണ് മന്ത്രിസഭായോഗത്തെ അറിയിച്ചത്. ഇതിനായി ആരോഗ്യവകുപ്പിൽ നിന്നുൾപ്പെടെ വിവരം മുൻകൂട്ടി തേടുകയുമുണ്ടായി. 3823 തസ്തികകൾ അനുവദിക്കുകയും ചെയ്തു.