
അതിരമ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് യുവാക്കളിൽ ഒരാൾ പിടിയിൽ. കാണക്കാരി തുരുത്തിനാട്ടിൽ വീട്ടിൽ ദീപു (19) ആണ് പിടിയിലായത്. ഓണംതുരുത്ത് കരയിൽ പറമ്പിൽ വീട്ടിൽ അനു (20) രക്ഷപ്പെട്ടു. ആനമല റോഡിൽ പുല്ലാനി മുക്ക് ജംഗ്ഷന് സമീപമുള്ള പ്രദേശങ്ങളിൽ പൾസർ എൻ.എസ് ബൈക്കിൽ ഇരുവരും കറങ്ങി നടന്ന് പ്രദേശവാസികളായ ചെറുപ്പക്കാർക്കിടയിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഇവർ. എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പിടിയിലാകുമെന്ന് കണ്ട് എക്സൈസ് സംഘത്തിന് നേരെ കല്ല് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദീപു പിടിയിലായി. ഇയാളിൽ നിന്ന് 750 ഗ്രാം കഞ്ചാവു പിടികൂടി.
ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ ബി. റെജി, കോട്ടയം ഇന്റലിജൻസ് വിഭാഗം ഓഫീസർ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ഗിരീഷ് കുമാർ, ഏറ്റുമാനൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പി. യു ജോസ്, ടി കെ സജു, ടി അജിത്ത്, സിവിൽ എക്സൈസ് ഓഫീസർ എ.എസ് ദീപേഷ് , ജെയിംസ്, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.