
വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്ന് കന്നുകാലി വനം ഭാഗത്തേക്കുള്ള റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായി.
ഇൗ റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റോഡ് നവീകരിച്ചു.
റോഡിന്റെ മിക്കഭാഗത്തും മെറ്റലിളകി മൺപാതയായി മാറുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു.
നേരത്തേ റോഡ് ടാറിംഗ് നടത്തുന്നതിനായി ഫണ്ട് അനുവദിച്ചെങ്കിലും നടന്നില്ല. വിതുര, തൊളിക്കോട്, ആനാട്, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ സ്കൂളുകളിലേക്കായി നൂറുകണക്കിന് വിദ്യാത്ഥികൾ കടന്നുപോകുന്ന റോഡ് കൂടിയാണിത്. ഗട്ടറുകളുടെ എണ്ണം പെരുകിയതോടെ റോഡിന്റെ വീതിയും കുറഞ്ഞു. അപകടങ്ങൾ ചൂണ്ടിക്കാട്ടി അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും അനക്കമില്ലാത്ത അവസ്ഥയായിരുന്നു. നിരവധി സമരങ്ങളും അരങ്ങേറി. ഇതിനോട് ബന്ധമുള്ള തോട്ടുമുക്ക് ആനപ്പെട്ടി റോഡും വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. അപകടങ്ങൾ നിത്യ സംഭവമായതിനെ തുടർന്ന് രണ്ട് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ. മധു റോഡ് സന്ദർശിച്ചു. രണ്ട് റോഡും അടിയന്തരമായി ടാറിംഗ് നടത്തുന്നതിനായി 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ആനപ്പെട്ടി റോഡിന്റെ ടാറിംഗ് കഴിഞ്ഞ മാസവും, കന്നുകാലി വനം റോഡിന്റെ ടാറിംഗ് ഇന്നലെയും പൂർത്തിയായി.
നന്ദി രേഖപ്പെടുത്തി
തോട്ടുമുക്ക്-ആനപ്പെട്ടി-കന്നുകാലിവനം റോഡുകൾ ടാറിംഗ് നടത്തുവാൻ ഫണ്ട് അനുവദിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് തോട്ടുമുക്ക് ടൗൺ റസിഡന്റ്സ് അസോസിയേഷനും, സി.പി.എം തോട്ടുമുക്ക് ബ്രാഞ്ച് കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.