milk

തിരുവനന്തപുരം: മിൽമയിൽ അംഗത്വമെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കടുപ്പിച്ചുകൊണ്ട് സർക്കാർ ഇൗമാസം കൊണ്ടുവന്ന നിയമഭേദഗതി നിലവിൽ അംഗത്വമുള്ള ഒരു വിഭാഗം ക്ഷീരകർഷകർക്കും കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് ഒന്നും രണ്ടും പശുക്കളെ വാങ്ങി ഉപജീവനം നടത്താൻ ശ്രമിച്ചവർക്കും ഇരുട്ടടിയായി. മിൽമയിൽ അംഗത്വമുള്ളവർക്ക് ലഭിക്കുന്ന കാലിത്തീറ്റ സബ്സിഡിയും ഡോക്ടർമാരുടെ സേവനവും കന്നുകാലികളുടെ ചികിത്സാചെലവുമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവർക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്.

പശുവിനെ വളർത്തി മൂന്നാം മാസം മിൽമയിൽ അംഗത്വമെടുക്കാവുന്നതാണ് നിലവിലുണ്ടായിരുന്ന സാഹചര്യം. എന്നാൽ 1969 ലെ കേരള കോ ഒാപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ 16-ാം വകുപ്പ് ഭേദഗതി വരുത്തിയതോടെ അംഗത്വം ലഭിക്കുന്നതിന് ആറുമാസം കാലയളവിനൊപ്പം 500ലിറ്റർ പാൽ അളക്കുകയും വേണം. ഒന്നും രണ്ടും പശുക്കൾ മാത്രമുള്ളവർക്ക് 500 ലിറ്റർ പാൽ നൽകണമെങ്കിൽ എട്ടുമുതൽ 12 മാസങ്ങൾ വരെ വേണ്ടിവരും. ലാഭവിഹിതം ഉൾപ്പെടെ സംഘാംഗങ്ങൾക്കുള്ള ആനുകൂല്യങ്ങളെല്ലാംകൂടി കണക്കാക്കിയാൽ ഒരു ലിറ്റർ പാലിന് 10രൂപവരെ അധികനേട്ടമുണ്ട്. ചാക്കിന് 100രൂപയാണ് കാലിത്തീറ്റ സബ്സിഡി.

കേരളത്തിലെ ക്ഷീരകർഷകർ 11ലക്ഷം

സംഘത്തിൽ അംഗമായിട്ടുള്ളവർ 9 ലക്ഷം

പ്രതിദിന പാലുത്പാദനം 12.5ലക്ഷം ലിറ്റർ

പ്രതിദിന പാൽ ഉപഭോഗം 13.37ലക്ഷം ലിറ്റർ

"കൂടുതൽ പേരെ ക്ഷീരകൃഷിമേഖലയിലേക്ക് ആകർഷിക്കാനും അവർക്ക് പിന്തുണ നൽകാനുമാണ് മിൽമ സഹകരണയൂണിയൻ കൊണ്ടുവന്നത്. നിയമഭേദഗതി ഇൗ ലക്ഷ്യത്തിനെതിരാണ്.

കല്ലട രമേശ്,

തിരുവനന്തപുരം മിൽമയൂണിയൻ മുൻ ചെയർമാൻ