
തിരുവനന്തപുരം: എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് തുടങ്ങിയ സമരം 24 ദിവസം പിന്നിട്ട ഇന്നലെ വൈകിട്ട് മുതൽ ഉപവാസ സമരത്തിലേക്ക് തിരിഞ്ഞു. സംഘടനാ നേതാക്കളായ ലയ, റിജു, ജിഷ്ണു എന്നിവരാണ് ഉപവാസമിരിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ചലച്ചിത്ര സംവിധായകൻ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ സമരക്കാരെ സന്ദർശിച്ചു.
സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്കുകാർ നടത്തുന്ന സമരം ഇന്നലെ 13 ദിവസം പിന്നിട്ടു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫിപറമ്പിലും കെ.എസ്.ശബരീനാഥനും തുടങ്ങിയ ഉപവാസസമരം നാലു ദിവസം കഴിയുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയവർ സമരപ്പന്തലിലെത്തി.കെ.എസ്.യുവിന് പുറമെ സി.എം.പി, എസ്.യു.സി.ഐ സംഘടനകളും റാങ്ക് ഹോൾഡേഴ്സ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മാർച്ച് നടത്തി.