water

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾക്ക് അധിക വായ്പ എടുക്കാനുള്ള ഉപാധിയായി കേന്ദ്രം നിർദ്ദേശിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായി വെള്ളക്കരത്തിന്റെ അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വാർഷിക വർദ്ധന വരുത്തി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഉത്തരവിറക്കി. അടുത്ത സാമ്പത്തിക വർഷം വർദ്ധന നിലവിൽ വരുമെന്നാണ് ഈ മാസം 10ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നത്.

എന്നാൽ വെള്ളക്കരം ഇപ്പോൾ കൂട്ടില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിൽ നിന്ന് വായ്പ എടുക്കാനാണ് ഈ ഉത്തരവിറങ്ങിയതെന്നാണ് അറിഞ്ഞത്. വായ്പാ പരിധി കൂട്ടാനുള്ള കേന്ദ്ര നിർദ്ദേശങ്ങളിലൊന്നാണ് വെള്ളക്കരം കൂട്ടണമെന്നത്. കേന്ദ്രത്തെ ബോധിപ്പിക്കാനാണ് ഉത്തരവിറക്കിയത്. വെള്ളക്കരം കൂട്ടുന്നത് മന്ത്രിസഭാ യോഗമാണ് തീരുമാനിക്കുക. അത് ഏപ്രിലിന് മുമ്പ് ഉണ്ടാകുമോ എന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര പരിഷ്‌കാരങ്ങൾ

കേന്ദ്രത്തിന്റെ നാല് പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ സംസ്ഥാന ജി.ഡി.പിയുടെ രണ്ട് ശതമാനമാണ് കേന്ദ്രത്തിൽ നിന്ന് അധിക വായ്പ കിട്ടുന്നത്. അതിനാണ് വെള്ളക്കരം കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങളെ ശക്തമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി വെള്ളക്കരത്തിന്റെ അടിസ്ഥാന നിരക്ക് സംസ്ഥാനങ്ങൾ വിജ്ഞാപനം ചെയ്യണം. (ജലവിതരണം,​ ഡ്രെയിനേജ്,​ സിവറേജ് നിരക്കുകളെല്ലാം ഇതിൽ ഉൾപ്പെടും)​. അതിലാണ് അഞ്ച് ശതമാനം വർദ്ധന വരുത്തിയത്.

സംസ്ഥാനങ്ങൾ

നടപ്പാക്കേണ്ടത്

1. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി

2. വ്യവസായ സൗഹൃദ പരിഷ്‌കാരങ്ങൾ

3. തദ്ദേശ സ്ഥാപനങ്ങളെ ശക്തമാക്കൽ

4. ഊർജ്ജ മേഖലയിലെ പരിഷ്‌കാരങ്ങൾ

അറിയില്ലെന്ന് എം.ഡി

വെള്ളക്കരം കൂട്ടിയതത് അറിയില്ലെന്ന് വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ വെങ്കിടേസപതി അറിയിച്ചു. വാട്ടർ അതോറിട്ടിയിലെ യൂണിനുകളും അറിഞ്ഞില്ല.

അംഗീകരിക്കില്ല

മന്ത്രിസഭയെപ്പോലും ഇരുട്ടിൽ നിറുത്തി ഒരു ഉദ്യോഗസ്ഥൻ എടുത്ത നടപടി അംഗീകരിക്കില്ലെന്ന് വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (എ.എെ.ടി.യു.സി) വർക്കിംഗ് പ്രസിഡൻറ് എം.എം.ജോർജ് പറഞ്ഞു.