
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. വിദ്യാർത്ഥികളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പിണറായിസർക്കാരിന്റെ നീക്കം തീ കൊണ്ടുള്ള കളിയാണ്.
സ്വന്തക്കാരെയും പാർട്ടിക്കാരെയും സർക്കാർജോലിയിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റുകയും പി.എസ്.സി പരീക്ഷയെഴുതി റാങ്ക്ലിസ്റ്റിൽ കയറിയവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരെ കേരളമെങ്ങും യുവജനരോഷം തിളയ്ക്കുകയാണ്. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പെൺകുട്ടികളെ ആക്രമിച്ചത് നെയിംപ്ലേറ്റില്ലാത്ത പൊലീസുകാർ: ഷാഫി
തിരുവനന്തപുരം: അധികാരത്തിന്റെ അഹങ്കാരം വച്ച് സമരങ്ങളെ അടിച്ചൊതുക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെങ്കിൽ സംസ്ഥാനതലത്തിൽ സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
സെക്രട്ടേറിയറ്രിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കൽ നിരാഹര സമരം നടത്തുന്ന പന്തലിന്റെ മുന്നിലാണ് ഇന്നലെ പെൺകുട്ടികൾ അടക്കമുള്ള കെ.എസ്.യു പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്.പെൺകുട്ടികൾക്ക് നേരെ പുരുഷ പൊലീസാണ് നിർദ്ദയം ലാത്തിയടി നടത്തിയത്. പല വനിതാ പ്രവർത്തകർക്കും തലയ്ക്ക് അടക്കം പരിക്കേറ്റു. നെയിം പ്ളേറ്റുപോലും ധരിക്കാത്ത പൊലീസുകാരാണ് പെൺകുട്ടികൾക്ക് നേരെ ആക്രമണവും അസഭ്യവർഷവും നടത്തിയത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്തുണ നൽകി യൂത്ത് കോൺഗ്രസ് തുടങ്ങിയ നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. സമരക്കാരുമായി ചർച്ചയ്ക്ക് ഒരു മന്ത്രിയെപ്പോലും നിയോഗിച്ചില്ല. സമരങ്ങളോട് ഈ സർക്കാരിന് അസഹിഷ്ണുതയാണെന്നും ഷാഫി ആരോപിച്ചു.
ചെന്നിത്തലയുടെ യാത്രയ്ക്ക് ചോര കൊണ്ട് നിറം പകരാൻശ്രമം: എ.എ.റഹിം
കണ്ണൂർ: രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ഉദ്യോഗാർത്ഥികളുടെ ചോരകൊണ്ട് നിറം പകരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് നിന്നുള്ള ക്രിമിനലുകളെ തിരുവനന്തപുരത്ത് തമ്പടിപ്പിച്ചിട്ടുണ്ട്. ഇതിന് കാർമ്മികത്വം വഹിക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. എൽ.ഡി.സി റാങ്ക് ഹോൾഡേഴ്സ് സമാധാനപരമായി നടത്തുന്ന സമരത്തെ ചോരയിൽമുക്കാനും അക്രമാസക്തമാക്കാനുമുള്ള ഗൂഢാലോചനയാണ് യൂത്ത് കോൺഗ്രസിനെ ഉപയോഗിച്ച് കോൺഗ്രസ് നടത്തുന്നത്.
സമരം അക്രമാസക്തമാകാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണം. ജനാധിപത്യപരമായി സമരം തീരാൻ പാടില്ലെന്ന കോൺഗ്രസിന്റെ ദുഷ്ടലാക്കിൽ വീണുപോകരുത്. മുന്നറിയിപ്പില്ലാതെ സമരം തുടങ്ങിയ കോൺഗ്രസ് എം.എൽ.എമാർക്ക് തലയൂരി വരാൻ കഴിയുന്നില്ല. അവർക്ക് രക്ഷപ്പെടാനാണ് ഉദ്യോഗാർത്ഥികളുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയക്കളിയിലാണ് കോൺഗ്രസെന്നും റഹീം പറഞ്ഞു.