
തിരുവനന്തപുരം: കെ.എസ്.യു സമരത്തിലെ അക്രമങ്ങൾ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരക്കാർ എന്തിനാണ് പൊലീസിനെ ആക്രമിച്ചത്.ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
മുൻകൂട്ടി നിശ്ചയിച്ചതുപോലെയാണ് പൊലീസിനെ ആക്രമിച്ചത്.ഡ്യൂട്ടിക്ക് നിയോഗിച്ചവരെ വളഞ്ഞിട്ട് തല്ലി. അവർ എന്തു തെറ്റു ചെയ്തു.വളഞ്ഞിട്ടു തല്ലുമ്പോൾ പൊലീസും സ്വാഭാവികമായി പ്രതികരിച്ചു. അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തുമെന്ന് അവർ കരുതിയെങ്കിലും പൊലീസ് അസാധാരണ ആത്മസംയമനമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ചലച്ചിത്ര സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റും എത്തി. ഏതാനും നിമിഷങ്ങൾ എൽ.ജി.എസ് റാങ്ക്ഹോൾഡേഴ്സിനൊപ്പം ചെലവഴിച്ച ശേഷമാണ് പണ്ഡിറ്റ് മടങ്ങിയത്. സമരനേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
തൊട്ടപ്പുറത്ത് സമരം നടത്തുന്ന സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴസിനെയും പണ്ഡിറ്റ് സന്ദർശിച്ച് അനുഭാവം പ്രകടിപ്പിച്ചു.