
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ തുടർന്ന് സംഘർഷഭരിതമായിരുന്ന സെക്രട്ടേറിയറ്റു നട ഇന്നലെ കെ.എസ്.യു പ്രവർത്തകരും പൊലീസും പോർക്കളമാക്കിയതോടെ ഒരു മണിക്കൂറോളം തലസ്ഥാന നഗര ഹൃദയം ഭീതിയുടെ മുൾമുനയിലായി. ഏറ്രുമുട്ടലിൽ 15 കെ.എസ്.യു പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു.
ജലപീരങ്കിയും ലാത്തിയുമായി പൊലീസും കമ്പും കസേരയും ഫ്ളക്സ് ബോർഡുകളുമായി കെ.എസ്.യുക്കാരും മത്സരിച്ച് പോരടിച്ചു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. ലാത്തിചാർജ്ജിനെതിരെ ഇന്ന് കെ.എസ്.യു നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധിക്കും.
തുടക്കത്തിൽ ഒരു പൊലീസുകാരനെ കെ.എസ്.യുക്കാർ വളഞ്ഞിട്ടു തല്ലി, പിന്നെ പൊലീസിന്റെ വിളയാട്ടം. തലപൊട്ടി ചോരയൊലിപ്പിച്ച് പെൺകുട്ടികളടക്കം പരക്കം പാഞ്ഞു. ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളൊഴിവായി.
പാളയത്ത് കേന്ദ്രീകരിച്ച മുന്നൂറോളം കെ.എസ്.യുക്കാരാണ് റാങ്ക് ഹോൾഡേഴ്സ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും അവർക്കായി നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനും കെ.എസ്. ശബരീനാഥനും അഭിവാദ്യം അർപ്പിച്ചും ഉച്ചയ്ക്ക് ഒരു മണിയോടെ മാർച്ച് തുടങ്ങിയത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരും ഒപ്പം ചേർന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതോടെ നോർത്ത് ഗേറ്റിന് മുൻവശം സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ കല്ലും കമ്പും വലിച്ചെറിഞ്ഞു.
ആവേശം കടുത്ത് പൊലീസിന് നേരെ തിരിഞ്ഞപ്പോഴാണ് ലാത്തിയടി തുടങ്ങിയത്. മൂന്ന് പ്രവർത്തകരുടെ തല അടിയേറ്റ് പൊട്ടിയതോടെ മറ്റുള്ളവർ ചിതറി ഓടി. പൊലീസ് പിന്തുടർന്ന് അടി തുടർന്നു. വിദ്യാർത്ഥികൾ വീണ്ടും സംഘടിച്ചെത്തി പൊലീസിനെ നേരിട്ടു. ഇതിനിടെ ഒറ്റപ്പെട്ടുപോയ പൊലീസുകാരനെയാണ് പ്രവർത്തകർ നിലത്തു തള്ളിയിട്ട് തല്ലിച്ചതച്ചത്. കൂടുതൽ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.
തുടർന്നുള്ള ലാത്തിയടിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും വൈസ് പ്രസിഡന്റ് സ്നേഹയ്ക്കും സാരമായി പരിക്കേറ്റു. സ്നേഹയുടെ മുഖം മുറിഞ്ഞ് ചോരയൊഴുകി. കൺട്രോൾ റൂം എ.സി.പി കെ.സദന്റെ വലതു കൈയ്ക്ക് ചുടുകട്ടയേറിൽ പരിക്കേറ്റു.
ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. തടയാൻ നോക്കിയ പൊലീസിനെ വടികളും കസേരകളും ഫ്ളക്സ് ബോർഡുകളും വലിച്ചെറിഞ്ഞാണ് നേരിട്ടത്. തുടർന്ന് വനിതാപ്രവർത്തകരും വനിതാ പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കെ.പി.സി.സി ഭാരവാഹികളെത്തി പിന്തിരിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
എൻ.എസ്.യു സെക്രട്ടറി എറിക് സ്റ്റീഫൻ, കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി നബീൽ, സെക്രട്ടറി ബാഹുൽ കൃഷ്ണ, ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ്പ്പാടി,റിങ്കു പടിപ്പുരയിൽ, സജന സാജൻ, പ്രിയങ്ക ഫിലിപ്പ്,ഫഹദ് തുടങ്ങിയവർക്കും പരിക്കേറ്റു. കന്റോൺമെന്റ് സി.ഐ മഞ്ജുലാൽ, വനിതാ പൊലീസ് ധന്യ വിജയൻ, എസ്.എ.പി ക്യാമ്പിലെ ഉവൈസ് എന്നിവരാണ് പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥർ.
പരിക്കേറ്റ പ്രവർത്തകരിൽ രണ്ടു പേരെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസുകാരെയെത്തിച്ചത് മെഡിക്കൽ കോളേജിലാണ്.
കെ.എസ്.യു സമരം സാമൂഹ്യവിരുദ്ധ രീതിയിലേക്ക് വഴിമാറുകയാണ്. സമരക്കാർ എന്തിനാണ് പൊലീസിനെ ആക്രമിച്ചത്. ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. വളഞ്ഞിട്ടു തല്ലുമ്പോൾ പൊലീസും സ്വാഭാവികമായി പ്രതികരിച്ചു.
പിണറായി വിജയൻ
മുഖ്യമന്ത്രി
വിദ്യാർത്ഥികളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പിണറായി സർക്കാരിന്റെ നീക്കം തീ കൊണ്ടുള്ള കളിയാണ്. പാർട്ടിക്കാരെ പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റുന്ന സർക്കാരിനെതിരെ കേരളമെങ്ങും യുവജനരോഷം തിളയ്ക്കുകയാണ്.
-രമേശ് ചെന്നിത്തല,
പ്രതിപക്ഷ നേതാവ്