
അമൃത് പദ്ധതി നാടിന് സമർപ്പിക്കും
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തലസ്ഥാനത്തെ മൂന്ന് സംരഭങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നഗരസഭ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും.
നഗരസഭ ആസ്ഥാനത്ത് സംയോജിത നിർദ്ദേശ നിയന്ത്രണ കേന്ദ്രത്തിന് ശിലയിടുന്നതാണ് ഒന്ന്. 94 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കേന്ദ്രം അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമായി പ്രവർത്തിക്കും. പൊലീസ്, റവന്യൂ, ആരോഗ്യം, അഗ്‌നിശമന സേന, ഭക്ഷ്യവകുപ്പ് എന്നിവയുടെ ഏകോപനമാണ് ഇതിലൂടെ നടത്തുക.
427 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്മാർട്ട് റോഡ്‌സ് പദ്ധതിയുടെ ശിലാസ്ഥാപനമാണ് രണ്ടാമത്തേത്. നഗരത്തിൽ നിലവിലുള്ള 37 കിലോമീറ്റർ റോഡുകളെ ലോകോത്തര നിലവാരത്തിലാക്കുന്നതാണ് പദ്ധതി. സൈക്കിൾ ട്രാക്ക്, നടപ്പാത, ജംഗ്ഷനുകൾ, പുൽത്തകിടി എന്നിവ ഒരുക്കും. സി.സി.ടി.വി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ടാകും. വൈദ്യുതി കേബിളുകൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് പ്രത്യേക ക്രമീകരണം ഒരുക്കുന്നതോടെ റോഡ് കുഴിക്കുന്നത് ഒഴിവാക്കാനാവും.
അമൃത് പദ്ധതിയിൽ നിർമ്മിച്ച 75 എം.എൽ.ഡി ജലസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടവും പ്രധാനമന്ത്രി നിർവഹിക്കും. 20 കോടിയാണ് ചെലവ്. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി, കേന്ദ്രസഹമന്ത്രി രാജ്കുമാർ സിംഗ്, മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ. കൃഷ്ണൻകുട്ടി, ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ് എന്നിവർ പങ്കെടുക്കും.