
തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ തീവ്രം എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെയും മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ജാതി പറഞ്ഞ് അധിക്ഷേപം ആവർത്തിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെയും പദപ്രയോഗങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വീണ്ടും പൊള്ളിക്കുന്നു.
വികസനമുന്നേറ്റ ജാഥയ്‌ക്കിടെ കോഴിക്കോട് മുക്കത്ത് നടത്തിയ പ്രസംഗത്തിൽ ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ തീവ്രമെന്ന വിജയരാഘവന്റെ പരാമർശം കോൺഗ്രസും മുസ്ലിം ലീഗും ഏറ്റുപിടിച്ചതോടെയാണ് വിവാദമായത്. വിജയരാഘവന്റെ ഭാഷ ആർ.എസ്.എസിന്റേതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, സി.പി.എം - ബി.ജെ.പി ബാന്ധവത്തിന് തെളിവായി മുസ്ലിം ലീഗ് ഇതിനെ എടുത്തുകാട്ടി. ചർച്ച അപകടമാകുമെന്ന് തിരിച്ചറിഞ്ഞ വിജയരാഘവൻ ഇന്നലെ നിലപാട് തിരുത്തി വിശദീകരിച്ചെങ്കിലും അത് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വർഗീയത നാട്ടിലെ ഭൂരിപക്ഷത്തിന്റെ വർഗീയതയാണെന്നും അതിന്റെ ആപത്ത് എപ്പോഴും കൂടുതലാണെന്നുമാണ് വിജയരാഘവന്റെ വിശദീകരണത്തിന്റെ ആദ്യഭാഗത്തിൽ. തന്റെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തെന്നാരോപിച്ച ശേഷം ഇങ്ങനെ പറഞ്ഞ വിജയരാഘവൻ മൊത്തത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന തോന്നൽ ഇടതുകേന്ദ്രങ്ങളിലുമുണ്ട്. ഭൂരിപക്ഷവർഗീയതയ്ക്ക് കോർപ്പറേറ്റുകളുടെയും മാദ്ധ്യമങ്ങളുടെയുമടക്കം പിന്തുണയുള്ളതിനാൽ അപകടകരമാണെന്ന് പിന്നാലെ വിജയരാഘവൻ വിശദീകരിച്ചു.
അതിന് പിന്നാലെ, വിശദീകരണം നടത്തി പിൻവാങ്ങിയ വിജയരാഘവന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പരിഹസിച്ചു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് കൊടപ്പനയ്ക്കൽ തറവാട് സന്ദർശിച്ചത് നൽകുന്ന രാഷ്ട്രീയ സന്ദേശമെന്താണ് എന്ന വിജയരാഘവന്റെ ചോദ്യം അടുത്തിടെ വിവാദമായിരുന്നു. വിജയരാഘവന്റെ പ്രസ്താവന ദുർവ്യാഖ്യാനിച്ചു എന്നാരോപിച്ചാണ് അന്ന് സി.പി.എം പ്രതിരോധിച്ചത്. പിന്നീട് വിജയരാഘവൻ തന്നെ തന്ത്രപൂർവം ഒഴിഞ്ഞുമാറുകയും ചെയ്‌തു. മുസ്ലിം സമൂഹത്തിൽ ആത്മീയപരിവേഷമുള്ള പാണക്കാട് തങ്ങളെയും തറവാടിനെയും കുറിച്ചുള്ള പരാമർശം തിരിച്ചടിക്കുമോയെന്ന ചിന്ത സി.പി.എമ്മിലുമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചതും ഇതിന് പിന്നാലെയാണ്. അതിനിടയിലാണ് ന്യൂനപക്ഷത്തെ ലക്ഷ്യമിടുന്നുവെന്ന വ്യാഖ്യാനത്തിനിടയാക്കിയ വിജയരാഘവന്റെ പ്രതികരണം.
ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രിയായപ്പോൾ ഹെലികോപ്ടർ വാടകയ്ക്കെടുത്ത് ധൂർത്തടിക്കുന്നുവെന്ന ധ്വനിയിൽ കെ. സുധാകരൻ നടത്തിയ പ്രതികരണം വ്യാപകമായി വിമർശിക്കപ്പെട്ടെങ്കിലും കോൺഗ്രസ് അണികൾ, അത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയാക്രമണം മാത്രമെന്ന് ന്യായീകരിച്ച് സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു. അതിലും തരംതാണ അധിക്ഷേപമാണ് സുധാകരൻ കാസർകോട് പെരിയയിൽ നടത്തിയത്. മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരൻ കോരേട്ടൻ സ്വാതന്ത്ര്യസമരകാലത്ത് പിണറായിയിൽ കള്ളും കുടിച്ച് തേരാപ്പാരാ നടക്കുകയായിരുന്നെന്നാണ് അധിക്ഷേപം. പേപ്പട്ടിയായ സുധാകരനെ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. രാഗേഷ് ഇതിന് മറുപടിയും നൽകി. മുഖ്യമന്ത്രിയുടെ രൂക്ഷവിമർശകനെന്ന പരിവേഷമുണ്ടാക്കി സ്വീകാര്യത ഉറപ്പാക്കാനുള്ള തന്ത്രം സുധാകരൻ പയറ്റുമ്പോഴും പുതിയ പരാമർശം അതിരുവിട്ടെന്ന അഭിപ്രായം കോൺഗ്രസിലും ശക്തമാണ്.