congress

പ്രചാരണ മേൽനോട്ട സമിതി യോഗം നാളെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ തലസ്ഥാന ജില്ലയിൽ പ്രവേശിക്കാനിരിക്കെ, തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ കൂടുതൽ സജീവമാക്കി കോൺഗ്രസ് നേതൃത്വം. നാളെ രാവിലെ എട്ടിന് കെ.പി.സി.സി ആസ്ഥാനത്ത് ഉമ്മൻചാണ്ടി അദ്ധ്യക്ഷനായ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ട സമിതിയുടെ യോഗം ചേരും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പല നിലയിൽ യു.ഡി.എഫിൽ പുരോഗമിക്കുകയാണ്. അതിന്റെ പുരോഗതിയും തുടർനടപടികളും യോഗം വിലയിരുത്തും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിയോജകമണ്ഡലങ്ങളുടെ ചുമതലകളുള്ള കെ.പി.സി.സി സെക്രട്ടറിമാരുടെ യോഗം ഇന്ന് രാവിലെ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറുടെ സാന്നിദ്ധ്യത്തിൽ ഇന്ദിരാഭവനിൽ ചേരും. നിയോജകമണ്ഡലങ്ങളിൽ ചുമതലാ ദൗത്യങ്ങളുടെ പുരോഗതി വിലയിരുത്തലാണ് ലക്ഷ്യം. തെക്കൻമേഖലാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാളും യോഗത്തിലുണ്ടാകും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ഇന്ന് രാവിലെ തലസ്ഥാനത്തെത്തും. കൊല്ലം ജില്ലയിലെ ഐശ്വര്യ കേരള യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ആലപ്പുഴയിൽ ചലച്ചിത്രനടൻ രമേശ് പിഷാരടി കോൺഗ്രസിൽ ചേർന്നതിന് സമാനമായി, ഇന്ന് കൊല്ലത്ത് വച്ചും താരപരിവേഷമുള്ള രണ്ട് പേർ കോൺഗ്രസിലേക്ക് വരുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് പിടിമുറുക്കുമെന്ന സൂചനകളാണുയരുന്നത്. എ, ഐ ഗ്രൂപ്പുകൾ പക്ഷേ, തങ്ങളുടെ പ്രാതിനിദ്ധ്യം വിട്ടു കളിയില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്. ജയസാദ്ധ്യത മാത്രമാകും മാനദണ്ഡമെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴും, അത് അല്ലലില്ലാതെ പൂർത്തീകരിക്കുകയെന്ന വെല്ലുവിളിയാണ് മുന്നിൽ.

സീറ്റ് ചർച്ചകളിലേക്ക്

ഇടതുമുന്നണിയും

ഇടതുമുന്നണിയും സീറ്റ് വിഭജന ചർച്ചകളിലേക്ക് തിങ്കളാഴ്ചയോടെ കടക്കും. വിവിധ കക്ഷികളുമായി വെവ്വേറെ സമയങ്ങളിലായി ചർച്ചകൾ പൂർത്തീകരിക്കാനാണ് നീക്കം.

കേരള കോൺഗ്രസ്-എമ്മും ലോക് താന്ത്രിക് ജനതാദളും പുതുതായി മുന്നണിയിലെത്തിയ സ്ഥിതിക്ക്, സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള കക്ഷികൾ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ നാല് സീറ്റുകളിൽ വരെ മത്സരിച്ച ചെറുകക്ഷികൾ ചിലതെല്ലാം ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നേക്കാം.