adi

തിരുവനന്തപുരം: കെ.എസ്.യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചോരവാർന്നിട്ടും പ്രവർത്തകർ പിന്തിരിയാത്തതോടെ സെക്രട്ടേറിയറ്റ് പരിസരത്ത് യുദ്ധസമാനമായ അന്തരീക്ഷം. ചോരയൊലിക്കുന്ന മുഖവുമായി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. നേതാക്കൾ അനുനയിപ്പിച്ചാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

സംഘർഷത്തിനിടെ പ്രവർത്തകർക്കിടയിൽപ്പെട്ടുപോയ പൊലീസുകാരനെ വളഞ്ഞിട്ട് തല്ലുന്നതിനും ഇന്നലെ നഗരം സാക്ഷിയായി. നിലത്തുവീണ പൊലീസുകാരനെ കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും വൈസ് പ്രസിഡന്റ് സ്നേഹയ്ക്കുമടക്കം ഇന്നലെ ലാത്തിയടിയിൽ പരിക്കേറ്റു. എന്നാൽ പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സമയത്താണ് സ്നേഹയ്ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്.

ഒരു മണിക്കൂറോളമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് സംഘർഷം നടന്നത്. നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതുവരെ ഈ സ്ഥിതി തുടർന്നു. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ച വനിത പ്രവർത്തകരെ അകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ പൊലീസ് അസഭ്യം പറഞ്ഞതായും ലാത്തി കൊണ്ട് കുത്തിയതായും പ്രവർത്തകർ ആരോപിച്ചു. കളിമൺ പാത്ര നിർമ്മാണ തൊഴിലാളി സംഘടനക്കാർ പ്രതിഷേധ സൂചകമായി നിർമ്മിച്ച മൺചട്ടികളും കലങ്ങളുമുൾപ്പെടെ സമരക്കാർ സെക്രട്ടേറിയറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ധന്യയ്ക്ക് പരിക്കേറ്റത്. ചില പൊലീസുകാർ നിരാഹാര സമരപ്പന്തലിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കന്റോൺമെന്റ് പൊലീസ് നിരവധി പ്രവർത്തകർക്കെതിരെ കേസെടുത്തു.