
തിരുവനന്തപുരം: കൊവിഡിന്റെ വകഭേദങ്ങൾക്ക് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ ഫലപ്രദമാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെൽത്ത് ഓൺലൈൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിന്റെ യു.കെ വകഭേദത്തിന്റെ 187 സാമ്പിളുകൾ ശേഖരിച്ച് അതിൽ നിന്നും വൈറസിനെ വേർതിരിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കൊവിഡ് വകഭേദത്തിന്റെ വാക്‌സിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. വൈറസിനെ കൾച്ചർ ചെയ്ത് വേർതിരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഭാരത് ബയോടെക് നിർമ്മിക്കുന്ന കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. 25,800 പേരാണ് പരീക്ഷണത്തിനായി മുന്നോട്ടു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനം മാർച്ച് നാലിന് അവസാനിക്കും.
3,85,905 പേർ വാക്സിനെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് 3,85,905 പേർ വാക്‌സിൻ സ്വീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിൽ 3,35,754 ആരോഗ്യ പ്രവർത്തകരും 50,151 കൊവിഡ് മുന്നണി പോരാളികളുമുണ്ട്. രജിസ്റ്റർ ചെയ്തതിനുശേഷം എടുക്കാൻ കഴിയാതെ പോയ ആരോഗ്യപ്രവർത്തകർ ഉടൻ വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ രജിസ്റ്റർ ചെയ്ത 100 ശതമാനം ആരോഗ്യ പ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങി.
തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.