sajade

കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ വ്യാപാരിക്ക് കുത്തേറ്റു. പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ ട്രാവൻകൂർ ബേക്കറി നടത്തുന്ന സജാദിനാണ് കഴുത്തിലും കൈയിലും തോളിലും വയറിലും കുത്തേറ്റത്. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ഷാനവാസ് എന്നു ഷാനുവിനെ മംഗലപുരം പൊലീസ് തിരയുന്നു. ഗുണ്ടാപിരിവ് നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന.

ഇന്നലെ രാത്രി ഏഴരയോടെ കാറിലെത്തിയ ഷാനുവും മാർക്കറ്റിലെ പച്ചക്കറി കടക്കാരനുമായി വാക്കുതർക്കം ഉണ്ടായിരുന്നു.ഇയാളെയും കുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് കടയിൽ അതിക്രമിച്ചു കയറി സാജിദിനെ കുത്തി വീഴ്ത്തിയത്. ഷാനു രണ്ടാഴ്ച്ച മുമ്പും സമാന രീതിയിൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.