
ഗുരുദേവൻ അയിത്തത്തിനെതിരായി ധർണ നടത്തിയില്ല. ജാഥയും പ്രതിഷേധ പ്രസംഗങ്ങളും നടത്തിയില്ല. നിശബ്ദമായി നിസാന്ദ്രമായ മുന്നേറ്റമാണ് നടത്തിയത്. അയിത്തത്തിനെതിരായ പ്രവർത്തനം മതത്തിനെതിരായുള്ളതാണെന്നാണ് കരുതപ്പെട്ടിരുന്നത്. മതത്തിന് മയക്കുമരുന്നിന്റെ വീര്യമുണ്ട്. മതത്തിന്റെ പേരിൽ ഈ ലോകത്ത് നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിനു ജനങ്ങൾ ചത്തൊടുങ്ങിയിട്ടുമുണ്ട്.
കേരളത്തിൽ ഈ പ്രശ്നത്തിന്റെ കാതലിലേക്ക് വിരൽ ചൂണ്ടിയ ആദ്യത്തെ മനുഷ്യസ്നേഹിയായ പ്രതിഭാശാലി ശ്രീനാരായണ ഗുരുദേവനായിരുന്നു. 1888ൽ അരുവിപ്പുറത്തെ ആറ്റിൽ നിന്ന് വടിവൊത്ത ഒരു പാറക്കഷ്ണം മുങ്ങിയെടുത്തു ഗുരു ഒരു ശിവബിംബം പ്രതിഷ്ഠിച്ചു. വിപ്ളവചിന്തയുടെ ശിലാസ്ഥാപനം കൂടിയായിരുന്നു അത്. സാഹോദര്യത്തിന്റെ രൂപരേഖ കൂടി അതോടൊപ്പം ഗുരുദേവൻ വരച്ചുകാട്ടി. അരുവിപ്പുറം ക്ഷേത്രത്തിന്റെ ചുവരുകളിൽ സ്വാമികൾ രേഖപ്പെടുത്തിയ ചതുഷ്‌പദി നോക്കുക.
''ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്."
ഇൗ ജീവിതദർശനം വിളംബരം ചെയ്യുന്ന ആ അനശ്വര വ്യക്തിത്വത്തിനുടമയാണ് സ്വാമി ശാശ്വതീകാനന്ദ. മതാതീത ആത്മീയതയാണ് ഗുരുദർശനം എന്ന് പില്‌ക്കാലത്ത് അദ്ദേഹം രേഖപ്പെടുത്തി. മറ്റാർക്കും കണ്ടെത്താൻ കഴിയാത്ത ഗുരുദർശനത്തിന്റെ അർത്ഥവും വ്യാഖ്യാനവും സ്വാമി ശാശ്വതികാനന്ദ കണ്ടെത്തി. അതുകൊണ്ട് തന്നെയാണ് ഗുരുശിഷ്യ പരമ്പരയിൽ സ്വാമി ശാശ്വതികാനന്ദ ഇന്നും ചർച്ചചെയ്യപ്പെടുന്നതും.
മതാതീത ആത്മീയതയും മതവിമുക്ത ആത്മീയതയും എന്നെന്നും നിലനിൽക്കും. അതേസമയം ഭൗതിക പ്രത്യയശാസ്ത്രങ്ങൾ പടുത്തുയർത്തിയ ഭീമാകാരമായ സംരംഭങ്ങൾ സ്വയം തകർന്നുവീഴുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
സാമൂഹികനീതിയിലും സംഘടനയുടെ ഉയർച്ചയിലും ശ്രീനാരായണ പ്രസ്ഥാനത്തിലും രാഷ്ട്രീയ സാമൂഹിക സേവനരംഗത്തും തന്റേതായ മുദ്ര പതിപ്പിച്ച ത്യാഗിയും യോഗിയും ജ്ഞാനിയുമായിരുന്നു സ്വാമി ശാശ്വതികാനന്ദ.
ഈ നാടിന് വേണ്ടി സ്വാമികൾ നടത്തിയ ഇടപെടൽ ജനങ്ങൾക്ക് ഊർജ്ജം നൽകിയിട്ടുണ്ട് എന്നതാണ് വാസ്തവം. സ്വാമിയുടെ ജയന്തി മതാതീത ദിനമായി ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ആഘോഷിക്കുന്നതിന്റെ ഭാഗമായി 20, 21 തീയതികളിൽ ഗുരുദർശന പുരസ്കാരവും മതാതീത ആത്മീയ പുരസ്കാര വിതരണവും നടത്തപ്പെടുന്നു.
ബ്രഹ്മവിദ്യാലയം ശിവഗിരിയിലാരംഭിച്ചതോടെ കോളേജ് വിദ്യാർത്ഥിയായിരുന്ന ശശിധരൻ അന്നത്തെ ട്രസ്റ്റ് പ്രസിഡന്റായ ശങ്കരാനന്ദ സ്വാമികളിൽ നിന്നും ബ്രഹ്മാചാര്യ ദീക്ഷ സ്വീകരിച്ച് ബ്രഹ്മചാരിയായി. 1979ൽ ശശിധരൻ ശാശ്വതികാനന്ദ സ്വാമിയായി. 1982ൽ ധർമ്മസംഘം സെക്രട്ടറിയായി. സ്വാമിയുടെ കാലത്താണ് ഗുരുധർമ്മ പ്രചാരണസഭ ആരംഭിച്ചത്. സ്വാമി ധർമ്മസംഘം പ്രസിഡന്റായിരിക്കുമ്പോഴാണ് ശിവഗിരിയുടെ കനകജൂബിലിയും അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷങ്ങൾ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെട്ടതും. കേരളക്കരയിൽ എന്നും ഗുരുശിഷ്യ പരമ്പരയുടെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു സ്വാമി ശാശ്വതികാനന്ദ. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്ന ശുഭദിനമാണ് ഫെബ്രുവരി 21.
(ലേഖകന്റെ ഫോൺ: 8078108298)