
മുക്കം: കൊങ്കൺ റെയിൽവേ കോർപ്പറേഷൻ സമർപ്പിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡിന്റെ അലൈൻമെന്റിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഇതോടെ അഭിമാന പദ്ധതിയായ ടണൽ റോഡിന്റെ നിർമ്മാണത്തിൽ ഒരു ചുവട് കൂടി കടന്നു. മറിപ്പുഴ-ചൂരൽമല (അലൈൻമന്റ് 1), മറിപ്പുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈൻമന്റ് 2), മുത്തപ്പൻപുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈൻമന്റ് 3), മറിപ്പുഴ-കള്ളാടി (അലൈൻമന്റ് 4) എന്നിങ്ങനെ 4 അലൈൻമെന്റുകളാണ് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നത്. ഇതിൽ രണ്ടാമത്തെ അലൈൻമെന്റ് ആയ മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്. ഇതനുസരിച്ച് തുരങ്കത്തിന് തന്നെ എട്ടു കിലോമീറ്റർ നീളമുണ്ടാവും. മറിപ്പുഴയിൽ നിർമ്മിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്ത് നിന്നാണ് തുരങ്കം ആരംഭിക്കുക. തുരങ്കത്തിന്റെ ആരംഭത്തിലും അവസാനത്തിലുമായി 560 മീറ്റർ മാത്രമാണ് അപ്രോച്ച് റോഡിന് സ്ഥലം ആവശ്യമാവുക.
അലൈൻമന്റിന് അംഗീകാരം ലഭിച്ചതോടെ ഇനി വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കും. മറിപ്പുഴയിൽ ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ആരംഭിക്കാനുമാകും.