hm

കണ്ണൂർ: സുപ്രീം കോടതിയുടെ അടിയന്തിര പരിഗണനയുള്ള കേസിൽ യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അയോഗ്യരെ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. അൻപത് വയസ് പിന്നിട്ടവർക്ക് പ്രധാനാദ്ധ്യാപക നിയമനത്തിൽ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളിൽ നിന്നും ഇളവു നൽകും വിധം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഭേദദഗതി ഉത്തരവുകൾ നടപ്പാക്കാൻ നിർദേശിക്കുന്ന സർക്കുലറാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

സ്ഥാനക്കയറ്റത്തിനു അർഹത ഇങ്ങനെ

12 വർഷം സർവീസും വകുപ്പ് തല പരീക്ഷകളായ അക്കൗണ്ട് ടെസ്റ്റും ലോവറും കെ.ഇ.ആറും പാസായവർക്കാണ് പ്രധാനാദ്ധ്യാപക സ്ഥാനക്കയറ്റിന് യോഗ്യത. സർക്കാരിനോട് ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനാ ഭാരവാഹികളിൽ ചിലർ വരുന്ന മൂന്നുമാസത്തിനുള്ളിൽ വിരമിക്കുന്നുണ്ട്. ഇവർക്ക് ശമ്പളത്തിന്റെയും പെൻഷന്റെയും ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ് തിടുക്കത്തിലുള്ള നീക്കം. എന്നാൽ 2020 ജനുവരിയിലെ ഹൈക്കോടതി വിധിയെയും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂനലിന്റെയും നിലവിൽ കേസ് പരിഗണനയിലിരിക്കുന്ന സുപ്രീം കോടതിയെയും മറികടന്ന് പുറത്തിറക്കിയ സർക്കുലറിന്റെ നിയമ സാധുത ചോദ്യം ചെയ്യാനാണ് പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരാകാൻ യോഗ്യരായവരുടെ തീരുമാനം.
പ്രാധാനാദ്ധ്യാപക യോഗ്യതയിൽ ഇളവുകൾ വരുത്തി കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ തിരിച്ചടിയാകും വിധം പിഴവ് വന്നതിനെ തുടർന്ന് ഈ വർഷം ജനുവരി 5ന് അതേ വിജ്ഞാപനം വീണ്ടും പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു.

കോടതി പരിഗണനയിലിരിക്കെ ഭേദഗതി വരുത്തിയതിനെതിരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിലും കേരള ഹൈക്കോടതിയിലും പരാതി നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതി വിധി വരുന്നത് വരെ യോഗ്യതാ ഇളവ് ഭേദഗതി നടപ്പാക്കുന്നത് കെ.എ.ടിയും ഹൈക്കോടതിയും തടഞ്ഞിട്ടുമുണ്ട്. കോടതി നിർദ്ദേശങ്ങൾ മറികടന്ന് ഇളവുകൾ പ്രകാരം 2020 മേയ് 31 വരെയുള്ള ഒഴിവുകൾ 10 ദിവസത്തിനകം നികത്തണമെന്നാണ് ഇന്നലെ പുറത്തിറക്കിയ സർക്കുലർ. സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മിഷണറാകാൻ പോകുന്ന ഉന്നത ഉദ്യോഗസ്ഥൻ രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നുവെന്നും പ്രധാനാദ്ധ്യാപക യോഗ്യതയുള്ള അദ്ധ്യാപകർ ആരോപിക്കുന്നു.

സർക്കാരിന്റെ മേൽ സർക്കുലർ യോഗ്യതാ ഭേദഗതി തടഞ്ഞ കെ.എ.ടി, ഹൈക്കോടതി എന്നിവിടത്തെ വിധിയുടെ ലംഘനവും നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നതുമാണ്. ആയിരത്തോളം സർക്കാർ പ്രൈമറി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപക നിയമനം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിനനുസൃതമാവണം.

ആനന്ദ് നാറാത്ത്

സംസ്ഥാന പ്രസിഡന്റ്,

കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയൻ