
പൂവാർ: ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഒരു പുനർജീവൻ കിട്ടിയ പ്രതീതിയിലാണ് പൂവാർ പൊഴിക്കരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. കൊവിഡാനന്തര ടൂറിസം സാദ്ധ്യതകൾ പരിപോഷിപ്പിച്ച് ടൂറിസം മേഖലയ്ക്കേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് പൂവാർ.
കോവളം കഴിഞ്ഞാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന തീരമാണ് പൂവാറിലേത്. വിശാലമായ ഉൾനാടൻ ജലാശയങ്ങളിലെ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി സഞ്ചാരികൾക്ക് ഏറെ ആഹ്ളാദകരമാണ്. ചരിത്രപ്രസിദ്ധമായ എ.വി.എം കനാലിലെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരും ഏറെയാണ്.
കൊവിഡ് നിയന്ത്രണങ്ങളോടെയുള്ള ബോട്ട് സവാരിയും ഒട്ടകം, കുതിര സവാരികളും നടത്താൻ കഴിയുമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആർഷിക്കുന്നത്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകളിൽ കൂടുതലും അന്യസംസ്ഥാനക്കാരാണ്.
തീരത്തെ എല്ലാ വിനോദങ്ങളും ഒന്നൊന്നായി തിരിച്ചു വരുമ്പോഴും പലരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
.പ്രകൃതി ഒരുക്കിയ ടൂറിസം സാദ്ധ്യത
പ്രകൃതിപരമായ തുറമുഖത്തിന്റെ അടുത്തായാണ് പൂവാർ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. 56 കിലോമീറ്റർ ഉള്ള നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നത് പൂവാറിനു സമീപമാണ്. അതിന്റെ പ്രകൃതി ഭംഗി ഇവിടെ ഒരു വിനോദസഞ്ചാര മേഖലയാക്കുന്നു.
പൂവാർ ഒരുക്കുന്ന വിരുന്നുകൾ
കുറഞ്ഞ ചെലവിൽ ബോട്ട് സവാരിയാണ് ഇവിടെ പ്രധാനം. നീളമേറിയതും വിശാലവുമായ നദിയുടെ ഇരുകരകളും പറ്റിച്ചേർന്ന് നില്പുളള പച്ചപ്പു നിറഞ്ഞ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരിയാണ് ഇവിടത്തെ വിനോദം. അപൂർവസസ്യജാലങ്ങളേയും പക്ഷികളേയും ഈ യാത്രക്കിടയിൽ കാണാനാകും. നദിയിലൂടെ സഞ്ചരിച്ച് ചരിത്ര പ്രസിദ്ധമായ മനുഷ്യനിർമ്മിത കനാലായ എ.വി.എം(അനന്ത വിക്ടോറിയ മാർത്താണ്ഡം) കനാലിൽ പ്രവേശിക്കും. അവിടെ സജ്ജമാക്കിയിട്ടുള്ള ഫ്ളോട്ടിംഗ് റെസ്റ്റോറന്റുകളിരുന്ന് ഭക്ഷണം കഴിക്കാം.
തുടർന്ന് കടലിനെയും നദിയേയും തമ്മിൽ വേർതിരിക്കുന്ന മണൽ തിട്ടവരെ ബോട്ടിൽ സഞ്ചരിച്ച് എത്താനാകും. തീരത്തിറങ്ങിയാൽ ലഘു പാനീയങ്ങൾ കുടിച്ച് മണൽപരപ്പിൽ വിശ്രമിക്കാം. നദിയിലും കടലിലും ഇറങ്ങി കുളിക്കുന്നവരും ധാരാളം.
ഒട്ടകപ്പുറമേറാം........
മണൽപ്പരപ്പിലൂടെ ഒട്ടകപ്പുറത്തേറി സവാരി നടത്തുന്നതാണ് മറ്റൊരു വിനോദം. ഇപ്പോൾ രണ്ട് ഒട്ടകങ്ങളാണ് തീരത്തുള്ളത്. വിശാലമായ മണൽപ്പരപ്പിൽ ഒട്ടകപുറത്തേറി സവാരി നടത്തുന്നതിന്റെ ഫോട്ടോ കാണുന്നവർക്ക് മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതായേ തോന്നൂ..
ഇതാണ് യാത്രക്കാരെ കൂടുതൽ ഹരം കൊള്ളിക്കുന്നത്. സവാരി നടത്താൻ ആളൊന്നിന് 100 ഉം 200 ഉം രൂപ വരെ വാങ്ങുമെന്നാണ് സഞ്ചാരികൾ പറയുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ഇവറ്റകളുടെ ആഹാരത്തിനുള്ള തുക പോലും കിട്ടാറില്ലന്നും ഒട്ടക ഉടമകൾ പറയുന്നു.