1

നെയ്യാറ്റിൻകര: കോടതി റോഡിൽ മൂന്നാം തവണയും പൈപ്പ് ലൈൻ പൊട്ടി. വെള്ളം ശക്തിയായി ഒലിച്ചുപോകുന്നതിനെ തുടർന്ന് ഗട്ടറിൽ വീണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോയതിനെ തുടർന്നാണ് ഇവിടെ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായത്. രണ്ടു തവണ പൈപ്പ് ലൈൻ പൊട്ടിയപ്പോഴും വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ നവീകരിച്ച് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഗട്ടർ രൂപപ്പെട്ടയിടം നവീകരിക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർ തയ്യാറായില്ല.

പൈപ്പ് ലൈൻ പുനഃസ്ഥാപിച്ച് മണ്ണിട്ട് നികത്തുക മാത്രമാണ് വാട്ടർ അതോറിട്ടി ചെയ്തത്. അതിനെ തുടർന്നാണ് ഭാരം കയറ്റിയ വാഹനങ്ങൾ കയറി ഇറങ്ങി പൈപ്പ് ലൈൻ വീണ്ടും തകർന്നത്. കഴിഞ്ഞ് ഒരാഴ്ചയിലധികമായി പൈപ്പ് ലൈനിലൂടെ ലിറ്റർ കണക്കിന് ജലമാണ് പാഴായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വ‌ർഷത്തിന് മുൻപ് പൈപ്പ്ലൈൻ തകരുന്നത് പതിവായതിനെ തുടർന്ന് ലോകായുക്ത കോടതി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര തടഞ്ഞിരുന്നു.

നിലവിൽ ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ അധികൃതർ തയ്യാറാകാത്തതാണ് വാഹനങ്ങൾ വീണ്ടും ഇതുവഴി കടന്നു പോകാൻ കാരണമാകുന്നത്. അമരവിള ജംഗ്ഷൻ മുതൽ നെയ്യാറ്റിൻകര എക്സൈസ് ഓഫീസ് പരിസരം വരെയുള്ള റോഡ് സ്ഥിതി ചെയ്യുന്നത് മുൻപ് ചതുപ്പായിരുന്ന പ്രദേശത്താണ്. വയൽ നികത്തിയുള്ള റോഡായതിനാലാണ് അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറും പൈപ്പ്ലൈനുകളും പൊട്ടാനിടയാക്കുന്നത്. ഇതുവഴി കടന്നു വരുന്ന ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.