water-authority

ഇനി ഇതു കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. കുടിനീരിനും കൂടുതൽ വില നൽകാൻ ജനങ്ങൾ തയ്യാറായിക്കൊള്ളൂ എന്നാണ് ഭരണസിരാകേന്ദ്രത്തിൽ നിന്നിറങ്ങിയ ഉത്തരവ്. ഇതിൽ രസാവഹമായ കാര്യം ജലവിഭവ വകുപ്പുമന്ത്രിയോ ജലവിതരണത്തിന്റെ ചുമതലയുള്ള വാട്ടർ അതോറിട്ടിയുടെ അധിപനോ അറിയാതെ ഉത്തരവിറങ്ങിയതാണ്. ഭരണം തീരാറായതുകൊണ്ടാവാം ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി തന്നെ ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്. എന്നാലും മന്ത്രിയും വാട്ടർ അതോറിട്ടി എം.ഡിയും അവശ്യം അറിയേണ്ട കാര്യമല്ലേ ഇതെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുമുണ്ട് ഉത്തരം. വെള്ളക്കരം ഉടനടി കൂട്ടുകയില്ലെന്നാണ് വകുപ്പുമന്ത്രി സമാധാനിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ഒരു ഉപായമത്രേ ഇത്. വികസന പ്രവർത്തനങ്ങൾക്കും മറ്റുമായി സംസ്ഥാന സർക്കാരിന് കൂടുതൽ പണം കണ്ടെത്താൻ വായ്‌പ എടുത്താലേ പറ്റൂ. നിലവിലുള്ള പരിധി കടന്നും വായ്‌പ എടുക്കണമെങ്കിൽ അതിന് ആനുപാതികമായി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നടപടികളും വേണ്ടിവരും. കേന്ദ്രത്തെയും റിസർവ് ബാങ്കിനെയും ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയാലേ വായ്‌പാ പരിധി ഉയർത്തി നിശ്ചയിക്കുകയുള്ളൂ. വെള്ളക്കരം വർദ്ധന മാത്രമല്ല ഒട്ടേറെ മേഖലകളിൽ നികുതികളും കൂട്ടേണ്ടിവരും. കെട്ടിട നികുതിയിൽ വരുത്താൻ പോകുന്ന വൻ വർദ്ധനയും ഇതിന്റെ ഭാഗമാണ്. ഇതുവരെ കെട്ടിടത്തിന്റെ വിസ്തൃതിയും സൗകര്യങ്ങളും മാത്രമാണ് നികുതി നിർണയത്തിന് മാനദണ്ഡമാക്കിയിരുന്നതെങ്കിൽ ഇനി കെട്ടിടം നിൽക്കുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവില അടിസ്ഥാനപ്പെടുത്തിയാകും നികുതി നിർണയം. റേഷൻ, വൈദ്യുതി വിതരണം, സബ്‌സിഡികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പരിഷ്കാര നടപടികൾക്ക് കേന്ദ്ര നിർദ്ദേശമുണ്ട്.

വെള്ളക്കരം ഉടനടി കൂട്ടുകയില്ലെന്ന് വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നുണ്ടെങ്കിലും അതു ഒട്ടുംതന്നെ വൈകില്ലെന്ന സൂചനയാണ് ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിയ ഉത്തരവിലുള്ളത്. സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നുമുതൽ വർദ്ധന പ്രാബല്യത്തിലാകുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ നടുവിൽ നിൽക്കുന്നതുകൊണ്ടാവാം മന്ത്രി തൊട്ടും തൊടാതെയും സംസാരിക്കുന്നത്. മന്ത്രിസഭായോഗം ഔദ്യോഗികമായി തീരുമാനമെടുക്കാതെ വെള്ളക്കരം കൂട്ടാനാവില്ലെന്ന് അദ്ദേഹം സമാധാനിപ്പിക്കുന്നു. അതിന് ഇനി എത്ര ദിവസമെന്നാണു അറിയേണ്ടത്. വെള്ളക്കരം ഓരോ വർഷവും അഞ്ചു ശതമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ് ഉത്തരവിലുള്ളത്. വാട്ടർ അതോറിട്ടി രൂപീകരിച്ചതു തന്നെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിനും വേണ്ടിയാണ്. കുറഞ്ഞ നിരക്കിൽ യഥേഷ്ടം ശുദ്ധജലം ലഭിച്ചിരുന്ന പ്രദേശങ്ങളിൽ പോലും അതോറിറ്റി ഭരണം വന്നതോടെ വെള്ളം കിട്ടാക്കനിയായ അനുഭവമുണ്ട്. വെള്ളക്കരമാകട്ടെ രണ്ടു പതിറ്റാണ്ടിനിടെ അനവധി ഇരട്ടിയാവുകയും ചെയ്തു. കാര്യക്ഷമതയാകട്ടെ ഗണ്യമായ തോതിൽ കുറയുന്നു എന്ന ആക്ഷേപം വ്യാപകവുമാണ്.

സംസ്ഥാന സർക്കാരിന് 18000-ത്തിൽപ്പരം കോടി രൂപ കൂടി കടമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ വേണ്ടിയാണ് നികുതിയും വെള്ളക്കരവുമൊക്കെ കൂട്ടാൻ പോകുന്നത്. കടവും ചെലവുകളും സമാന്തര പാതകൾ പോലെ നീണ്ടുപോവുകയാണ്. തനതു വരുമാനത്തിന്റെ നല്ലൊരു ഭാഗം വായ്പാ പലിശയ്ക്കായി നീക്കിവയ്ക്കേണ്ടിവരുന്നു. വിഭവ സമാഹരണത്തിന് പരിമിതികളുള്ളതുകൊണ്ടാണ് കൂടുതൽ കടം കൊള്ളേണ്ട അവസ്ഥയുണ്ടാകുന്നത്. കൊവിഡ് സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ടി കൂടിയാണ് ഉപാധികൾ വച്ചുകൊണ്ട് അധിക വായ്പ എടുക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുന്നത്. ഇതിനു മുന്നോട്ടു വച്ച വ്യവസ്ഥകളിൽ പലതും സംസ്ഥാനം നടപ്പാക്കിക്കഴിഞ്ഞു. റേഷൻ സംവിധാനം കുറ്റമറ്റ നിലയിലാക്കാൻ നേരത്തെ തന്നെ സാധിച്ചിരുന്നു. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉദാരമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിൽ നിർദ്ദേശിക്കപ്പെട്ട പരിഷ്കാരങ്ങൾ പലതും നടപ്പാക്കാനിരിക്കുകയാണ്. ഇതിനൊക്കെ പുറമേയാണ് വെള്ളക്കരവും വസ്തു നികുതിയും കൂട്ടാനുള്ള നടപടികൾ. എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടു ബാധിക്കുന്നതിനാൽ കരുതലോടെ മാത്രം നടപ്പാക്കേണ്ട കാര്യങ്ങളാണിത്. കെട്ടിട നികുതി നിർണയത്തിന് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങൾ ശാസ്ത്രീയമാണെന്നു പറയാനാവില്ല. കെട്ടിടത്തിന്റെ ഇനമനുസരിച്ച് നികുതി ചുമത്തുന്നതിനു പകരം അത് നിലകൊള്ളുന്ന സ്ഥലത്തിന്റെ ന്യായവില കണക്കാക്കി നിരക്കു നിശ്ചയിക്കുന്നത് ഒട്ടേറെ അപാകതകൾ നിറഞ്ഞതാകുമെന്നതിൽ സംശയമില്ല.

മറ്റൊരു പ്രധാന കാര്യം അടിക്കടി നിരക്ക് വർദ്ധിപ്പിക്കുന്നതിനു പകരം വൻതോതിൽ പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക പിരിച്ചെടുക്കാനുള്ള ഊർജ്ജിത ശ്രമമാണ്. വാട്ടർ അതോറിട്ടിയുടെ കാര്യം തന്നെ എടുക്കാം. എത്രയോ കോടികളാണ് പിരിച്ചെടുക്കാവുന്നത്. വൻകിടക്കാരും സർക്കാർ വകുപ്പുകളുമാണ് കുടിശികക്കാരിൽ മുന്നിൽ. വൈദ്യുതി കുടിശികയുടെ കാര്യത്തിലും ഇതാണവസ്ഥ. കെട്ടിട നികുതി അടയ്ക്കുന്ന സർക്കാർ വകുപ്പകൾ ഏതെങ്കിലുമുണ്ടോ? നികുതി വർദ്ധന നടപ്പാക്കിയാൽ ലഭിക്കുന്ന അധിക വരുമാനത്തേക്കാൾ എത്രയോ അധികമാണ് കുടിശിക പിരിവ് കാര്യക്ഷമമാക്കിയാൽ ലഭിക്കുക.