
ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമെന്നറിയപ്പെടുന്ന അമേരിക്കയിലെ 'ഏരിയ 51'ന് സമീപത്തുള്ള ഭൂമി വില്പനയ്ക്ക്. അങ്ങനെ ആർക്കും ഈ സ്ഥലം വാങ്ങാമെന്ന് കരുതേണ്ട. 80 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ' മെഡ്‌ലിൻ റാഞ്ച് ' എന്ന ഈ സ്ഥലം സ്വന്തമാക്കാൻ ചില നിബന്ധനകളുണ്ട്. 4.5 മില്യൺ ഡോളറാണ് അടിസ്ഥാനവില.
1973ൽ സ്റ്റീവ് മെഡ്‌ലിൻ, ഗ്ലെൻഡ എന്നിവർ ഇവിടെ 750 പശുക്കളുമായി ഒരു പശുവളർത്തൽ കേന്ദ്രം ആരംഭിക്കുകയായിരുന്നു. അന്ന് ഇവിടെ മറ്റ് കെട്ടിടങ്ങളോ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. എന്നാൽ ഇന്ന് രണ്ട് കെട്ടിടങ്ങളും ജലസേചന സൗകര്യവുമുണ്ട്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന സൈനികത്താവളമായ ഏരിയ 51ന് ഏറ്റവും അടുത്തായാണ് ഇതിന്റെ സ്ഥാനമെന്ന് ഒരു അമേരിക്കൻ പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
80കളിൽ മെഡ്‌ലിൻ റാഞ്ചിന്റെ ഒരു ഭാഗവും യു.എസ് സർക്കാർ പിടിച്ചെടുത്തിരുന്നു. അന്ന് സ്റ്റീവ് മെഡ്‌ലിനുമായി യു.എസ് എയർഫോഴ്സ് ഒരു കരാറുണ്ടാക്കിയിരുന്നു. തങ്ങൾ നൽകിയിരിക്കുന്ന റേഡിയോയിലൂടെ ബന്ധപ്പെട്ട ശേഷം കന്നുകാലികളെ തേടി സ്റ്റീവിന് ഏരിയാ 51ലേക്ക് പ്രവേശിക്കാമെന്നതായിരുന്നു അതെന്ന് പറയപ്പെടുന്നത്. പ്രദേശത്തെ വിജനമായ ഹൈവേയില ബ്ലാക്ക് മെയിൽബോക്സ് നിൽക്കുന്ന ഭാഗവും റാഞ്ചിന്റെ ഭാഗമാണ്. ഏരിയ 51ൽ അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിച്ചവർ പണ്ട് ഈ മെയിൽബോക്സിൽ കത്തുകൾ നിക്ഷേപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമെന്നാണ് 'ഏരിയ 51' അറിയപ്പെടുന്നത്. അമേരിക്കയിലെ നെവാഡയിൽ ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. അന്യഗ്രഹ ജീവികളുടെ വിഹാരകേന്ദ്രം, അമേരിക്കയുടെ രഹസ്യ ആയുധ നിർമ്മാണ ശാല തുടങ്ങിയ നിരവധി കഥകളാണ് ഏരിയ 51ന്റെ പേരിൽ പ്രചരിക്കുന്നത്.
ഏരിയ 51 ലേക്ക് ആർക്കും പ്രവേശനമില്ല. അതുകൊണ്ട് തന്നെയാണ് പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിനറിയാത്തത്. ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത ഇവിടം ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലിറ്റിയാണെന്നാണ് സർക്കാർ പറയുന്നത്.
അമേരിക്കൻ എയർഫോഴ്സിന്റെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഔദ്യോഗിക നാമം നെവാഡ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശം തിരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു. അതേ സമയം, അമേരിക്ക പിടിച്ചെടുത്ത പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നാണ് ചിലരുടെ വിശ്വാസം.