
പാലോട്: പാലോടിന്റെ ഹരിതകരങ്ങൾക്ക് ശക്തിപകരുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഹരിതോദ്യാനമാണ് ബൊട്ടാണിക്കൽ ഗാർഡൻ. വിസ്മയമുണർത്താൻ കഴിയുന്ന നിരവധി സസ്യജാലങ്ങളുടെ കലവറയാണ് 1979ൽ സ്ഥാപിതമായ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഔഷധസസ്യ ഉദ്യാനമായ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. അപൂർവങ്ങളിൽ അപൂർവമായ വംശനാശ ഭീഷണിനേരിടുന്ന ഔഷധസസ്യങ്ങൾ ഉൾപ്പെടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. 4000ത്തിലധികം സസ്യജനുസ്സുകളുടെ 50000ത്തിൽ പരം ഇനം സസ്യങ്ങളുള്ള ഏഷ്യയിലെ വലിയ ഉദ്യാനമാണിത്. ഗാർഡൻ സന്ദർശിക്കാൻ എത്തുന്നവരെ സ്വീകരിക്കുന്നത് കൂപ്പുകൈകളോടെ നിൽക്കുന്ന ഭൂമിദേവിയുടെ ശില്പമാണ്. ഭീമൻ ഇലകളുള്ള ആനത്താമരയാണ് മറ്റൊരു ആകർഷണം. ഒരു ഇലയ്ക്ക് 135 കിലോയോളം ഭാരം താങ്ങാനുള്ള കഴിവ് ഉണ്ട്. അങ്ങനെ എണ്ണിയാൽതീരാത്ത അത്രത്തോളം സസ്യങ്ങൾ. പലതും നമുക്ക് കേട്ട് കേൾവിപോലും ഇല്ലാത്തതും നമ്മുടെ പറമ്പുകളിൽ നിത്യവും കാണാൻ കഴിയുന്നതുമായ നിരവധി ചെടികൾ.
അന്യം നിന്നു എന്നു കരുതുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിപുലമായ സാദ്ധ്യതയാണ് എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ തെളിയുന്നത്. 321 ഹെക്ടർ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
ഇല്ലിമുളം കാടുകളിൽ
മുളങ്കാടുകളാണ് മറ്റൊരു ആകർഷണം
1200 ലധികം മുളങ്കൂട്ടങ്ങൾ ഇവിടെ ഉണ്ട്. 30 സെന്റീമീറ്റർ മാത്രം പൊക്കം വയ്ക്കുന്ന ഷിമാറ്റിയ കുമാസാക്ക, എന്ന കുള്ളൻ മുളകൾ മുതൽ 40 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡെൻട്രോകലാമസ് ജൈജാന്റിയസ് എന്ന ഭീമൻമുളകൾ വരെ ഈ കൂട്ടത്തിലുണ്ട്.
ഇരപിടിയന്മാരും
മാംസം കഴിക്കുന്നതിൽ പേരുകേട്ട ഇരപിടിയൻ സസ്യങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്. നെപ്പന്തസിന്റെയും ഫ്ളൈസ് ട്രാപ്പുകളുടേയും ചെടികളും ഇവിടെ ഉണ്ട്. ഫ്ലാസ്ക് പോലെയാണ് ഇവയുടെ ഇലകൾ. മുകളിലായി ചെറിയ അടപ്പു പോലുള്ള ഭാഗവും ഉണ്ട്. ചെടികളുടെ പൂക്കളിലും ഇലകളിലും ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായി എത്തുന്ന ചെറുപ്രാണികൾ പെട്ടു പോയാൽ പിന്നെ രക്ഷപ്പെടാൻ കഴിയില്ല.
കണ്ടെത്തലുകൾ
ലോകത്തു നിന്നും നശിച്ചു എന്നു കരുതിയിരുന്ന മലമാവും കാവിലിപ്പയും കുറച്ചു നാൾ മുൻപാണ് ഇവിടുത്തെ ഗവേഷകർ കണ്ടെത്തിയത്. 1914 ൽ എ.ജെ.ഗാമ്പിൾ എന്ന സസ്യ ശാസ്ത്രജ്ഞനാണ് മല മാവ് വംശനാശഭീഷണി നേരിടുന്നു എന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് നിരവധി ഗവേഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു എങ്കിലും മല മാവ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജെ.എൻ.ടി.ബി.ജി.ആർ ഐയിലെ ശാസ്ത്രജ്ഞർ വനമേഖലയിൽ ഈ മരം കണ്ടെത്തുകയും വനപാലകരുടെ നേതൃത്വത്തിൽ സുരക്ഷാവേലി കെട്ടി സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കാവിലിപ്പയും ഇവിടുത്തെ ഗവേഷക സംഘം തന്നെ കണ്ടെത്തിയതും യാദൃശ്ചികം.
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിക്കാൻ വഴികാട്ടിയായിരുന്ന ഇട്ടി അച്ചുതൻ വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് ഈ ഉദ്യാനത്തെ ജലഭൂയിഷ്ഠമാക്കുന്ന ചിറ്റാർ നദി കരയിലാണ്. ഓർക്കിഡുകളുടെ വലിയ ഒരു ശേഖരം ഉദ്യാനത്തിന് മനോഹാരിത കൂട്ടുന്നു. ഏറ്റവും വലിയ പൂക്കളുള്ള ടൈഗർ ഓർക്കിഡും കൂടാതെ നൂറ് കണക്കിന് വിദേശ ഓർക്കിഡുകളും വർണം വാരി വിതറി പൂത്തു നിൽക്കുന്ന കാഴ്ച മനോഹരമാണ്.