shinde-gavit

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിലെ മഥുര ജയിലിൽ പൂർത്തിയാവുകയാണ്. ഉത്തർപ്രദേശിലെ അംരോഹയിൽ ഭവൻഖേദി ഗ്രാമത്തിൽ 2008 ഏപ്രിൽ 14ന്, പ്രണയത്തെ എതിർത്ത മാതാപിതാക്കളെ അടക്കം ഏഴ് പേരെ കാമുകനുമായി ചേർന്ന് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ഷബ്‌നം എന്ന സ്ത്രീയാണ് തൂക്കുകയറിന് മുന്നിലുള്ളത്. കാമുകൻ സലീമിനും വധശിക്ഷയാണ് വിധി. ശബ്നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്തിരുന്നു. വധശിക്ഷയ്ക്കെതിരെ ശബ്നം യു.പി ഗവർണർ ആനന്ദി ബെൻ പട്ടേലിന് മുമ്പാകെ പുതിയ ദയാഹർജിയും സമർപ്പിച്ചിരിക്കുകയാണ്. അതേ സമയം, വർഷങ്ങൾക്ക് മുമ്പ് രണ്ട് സഹോദരിമാരുടെ വധശിക്ഷ ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഷബ്നത്തിന് മുന്നേ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഷിൻഡെ - ഗാവിറ്റ് സീരിയൽ കില്ലർ സഹോദരിമാരെ പറ്റി...

 ഷിൻഡെ - ഗാവിറ്റ് കേസ്

90കളുടെ അവസാനത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഷിൻഡെ - ഗാവിറ്റ് കേസ്. മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശിനിയായ അഞ്ജനാ ബായി, മക്കളായ സീമാ ഗാവിറ്റ്, രേണുകാ ഷിൻഡെ എന്നിവരായിരുന്നു കേസിലെ പ്രതികൾ. അഞ്ജനയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് രേണുക. രണ്ടാം ഭർത്താവ് മോഹൻ ഗാവിറ്റിലുള്ള മകളാണ് സീമ.

മോഹനുമായുള്ള വിവാഹത്തിന് മുമ്പ് മോഷണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ അഞ്ജന ഏർപ്പെട്ടിരുന്നു. വിവാഹ ശേഷവും ഇതിൽ നിന്ന് അഞ്ജന പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ മോഹൻ ഇവരെയും മക്കളേയും ഉപേക്ഷിച്ച് പോയി. തുടർന്ന് ഇയാൾ പ്രതിഭ എന്ന നാസിക് സ്വദേശിനിയെ വിവാഹം കഴിച്ചു. പെൺമക്കളുമായി മോഷണങ്ങൾ തുടർന്ന അഞ്ജനയുടെ ഉള്ളിൽ മോഹനോട് അടങ്ങാത്ത പകയുണ്ടായിരുന്നു. തുടർന്ന് മോഹൻ - പ്രതിഭ ദമ്പതികളുടെ മൂത്തമകളെ മൂവരും ചേർന്ന് തട്ടിക്കൊണ്ടു പോയി. മൂവരിലും സംശയം തോന്നിയ ദമ്പതികൾ പൊലീസിനെ സമീപിച്ചു.

വൈകാതെ, മോഹന്റെ ഇളയ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇവരെ പിടികൂടി. മൂത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായും അഞ്ജനയുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും രേണുക പൊലീസിന് മൊഴി നൽകി. തുടർന്ന് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാവുകയായിരുന്നു.

മൂവരും ചേർന്ന് പലയിടങ്ങളിൽ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നതായി പൊലീസ് കണ്ടെത്തി. ആദ്യമൊക്കെ കുട്ടികളെ തങ്ങളുടെ മോഷണ പരമ്പരകൾക്ക് ഇവർ മറയാക്കിയിരുന്നു. എന്നാൽ, എതിർത്ത് കരയുന്ന കുഞ്ഞുങ്ങളെ ഇവർ കൊന്നൊടുക്കാൻ തുടങ്ങി. മൂവരും ഒറ്റക്കെട്ടായാണ് കൊലപാതകങ്ങൾ നടത്തിയതെങ്കിലും എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ അഞ്ജനയായിരുന്നു. 13 കുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയെന്നും 9 പേരെ കൊന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇതിൽ അഞ്ച് കൊലപാതകങ്ങൾ മാത്രമേ തെളിഞ്ഞിട്ടുള്ളു. മൂവരുടെയും കുറ്റകൃത്യങ്ങളെ പറ്റി അറിവുള്ള രേണുകയുടെ ഭർത്താവ് കിരൺ ഷിൻഡെയെ പൊലീസ് മാപ്പു സാക്ഷിയാക്കുകയും ജയിൽവാസത്തിന് ശേഷം മോചിതനാക്കുകയും ചെയ്തു. എന്നാൽ, 1997ൽ ജയിലിൽ കഴിയുന്നതിനിടെ അഞ്ജന അസുഖബാധിതയായി മരിച്ചു.

2006 ൽ സുപ്രീം കോടതി സഹോദരിമാരുടെ വധശിക്ഷ ശരിവയ്ക്കുകയും 2014 ൽ ഇരുവരുടെയും ദയാഹർജി പ്രസിഡന്റ് പ്രണബ് മുഖർജി തള്ളുകയും ചെയ്തിരുന്നു. ഇതോടെ സ്വതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി തൂക്കിലേറ്റാൻ പോകുന്ന സ്ത്രീകൾ എന്ന നിലയിൽ ഇരുവരും ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ദയാഹർജി പരിഗണിക്കുന്നതിൽ അകാരണമായ കാലതാമസം സംഭവിച്ചെന്ന് കാട്ടി കോടതിയിലേക്ക് വീണ്ടും ഇവരുടെ ഹർജിയെത്തി. ഇതിപ്പോഴും കോടതിയുടെ പരിഗണനയിലായതിനാൽ ഇവരുടെ വധശിക്ഷ ഇതുവരെ നടപ്പായിട്ടില്ല.