
തിരുവനന്തപുരം: ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾക്കും കേന്ദ്രത്തിന്റെ അധിക വായ്പയ്ക്ക് സംസ്ഥാനം ശ്രമം തുടങ്ങിയതോടെ വൈദ്യുതി നിരക്കും കൂട്ടേണ്ടിവന്നേക്കും. വെള്ളക്കരത്തിൽ അഞ്ചു ശതമാനം വീതം വാർഷിക വർദ്ധന വരുത്തി ജലവിഭവ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കേന്ദ്രത്തിന്റെ വായ്പാനിബന്ധന പ്രകാരം വൈദ്യുതി നിരക്കിലും ഇതേരീതിയിൽ വർദ്ധന വരുത്തേണ്ടി വരും.
അതേസമയം, പരിഷ്കാരണങ്ങളുടെ പേരിൽ വൈദ്യുതി ചാർജ്ജ് വർദ്ധന ആലോചിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് പറഞ്ഞു. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി 2262 കോടി രൂപയുടെ അധിക വായ്പയ്ക്കാണ് സംസ്ഥാനത്തിന് അർഹത.
വായ്പയ്ക്ക് മൂന്ന് നിബന്ധനകളാണ് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുമ്പാകെ വച്ചിട്ടുള്ളത്. വൈദ്യുതി ബോർഡിന്റെ വാണിജ്യ , പ്രസരണ നഷ്ടം കുറയ്ക്കുക, വൈദ്യുതി വിതരണച്ചെലവും നിരക്കിലൂടെയുള്ള വരവും തമ്മിലെ അന്തരം കുറയ്ക്കുക, കർഷർക്കുള്ള വൈദ്യുതി സബ്സിഡി കൃഷിവകുപ്പ് ബോർഡിന് നൽകുന്നതിന് പകരം കർഷകരുടെ അക്കൗണ്ടിലിടുക. ആദ്യത്തെ രണ്ടു നിബന്ധനകളും പാലിക്കണമെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടുകയേ മാർഗമുള്ളൂ.