
തിരുവനന്തപുരം: സംസ്ഥാനത്തെ കാലി സമ്പത്തിൽ 6.34 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി മന്ത്രി കെ. രാജു അറിയിച്ചു. കേരളത്തിലെ 20 -ാമത് കന്നുകാലി സെൻസസ് റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. 2012ലാണ് ഇതിനു മുൻപ് സെൻസസ് നടന്നത്.
പുതിയ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. 46.14 % കന്നുകാലികളും, 46.73 % ആടും, 3.49 % എരുമയും, 0.05 % ചെമ്മരിയാടും 3.57 % പന്നി വർഗങ്ങളുമാണ്. കന്നുകാലി വിഭാഗത്തിൽ മാത്രം 1.01 % വർദ്ധനയുണ്ട്. സംസ്ഥാനത്ത് പശു, കാള ഇനത്തിലെ കന്നുകാലികൾ 13,41,996. 20 വർഷത്തിനിട ആദ്യമായാണ് കന്നുകാലി ഇനത്തിൽ വർദ്ധന.
പശുക്കളുടെ എണ്ണത്തിൽ 3.30 ശതമാനവും ആടുകളുടെ എണ്ണത്തിൽ 9.08 ശതമാനവും വർദ്ധനയുണ്ട്. 2,97,71,905 ആണ് സംസ്ഥാനത്തെ ആകെ പൗൾട്രി സമ്പത്ത്. പൗൾട്രി വർഗത്തിൽ 91.25 % കോഴി വർഗങ്ങളും, 5.97 % താറാവ് വർഗങ്ങളും, 2.78 % മറ്റു പൗൾട്രി വർഗങ്ങളുമാണ്. കോഴി വളർത്തലിൽ 25.12 % വർദ്ധനവുണ്ട്. ഇതിൽത്തന്നെ വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ 47 ശതമാനവും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴി വളർത്തലിൽ 9.57 ശതമാനവുമാണ് വർദ്ധന.താറാവു വളർത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.
ആകെ കന്നുകാലികൾ - 29,08,657
ആടുകൾ - 13,59,161
പന്നികൾ - 1,03,863
കോഴികൾ - 2,71,65,606
താറാവ് - 17,76,503
വളർത്തുനായ്ക്കൾ - 8,36,270
തെരുവുനായ്ക്കൾ- 2,89,986