p

കടയ്ക്കാവൂർ: നാൽപ്പത്തിഒന്ന് വർഷമായി പട്ടയം ലഭിയ്ക്കാതെ കഷ്ടപ്പെട്ട കടയ്ക്കാവൂർ ഗ്രാമപഞ്ചയത്ത് പതിനാലാം വാർഡിലെ മണനാക്ക് കുഴിവിള ലക്ഷംവീട് നിവാസികളായ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശിയുടെയും വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. ഷിജുവിന്റെയും ശ്രമഫലമായാണ് പട്ടയം ലഭിച്ചത്. പട്ടയവിതരണം ഡെപ്യൂട്ടിസ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ആമിനാബീവി, നജുമ, ഹസീന, റംല, റസീന എന്നിവർക്കാണ് പട്ടയം ലഭിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീല അദ്ധ്യക്ഷത വഹിച്ചു. പട്ടയം ലഭിച്ചവർക്ക് ലൈഫ് പാർപ്പിട പദ്ധതി പ്രകാരം ഭവനം നിർമ്മിച്ചുനൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഫിറോസ് ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രകാശ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, മെമ്പർമാരായ പ്രസന്ന, യമുന, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.