
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ എസ്.ഐ യു.സി (സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് ) സമുദായത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന വിദ്യാഭ്യാസ സംവരണ നിവേദന ജാഥ നഗരത്തെ ഇളക്കിമറിച്ചു. ഇന്നലെ ഉച്ചയോടെ എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നാരംഭിച്ച ജാഥയിൽ വിവിധ സഭാ ഡിസ്ട്രിക്ടുകളിൽ നിന്നായി ആയിരക്കണക്കിന് പേർ അണിനിരന്നു.
സ്വന്തമായുള്ള കാരക്കോണം മെഡിക്കൽ കോളേജിൽ സമുദായത്തിന് 50 ശതമാനം മാനേജ്മെന്റ് ക്വാട്ടയായും 15 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയായും ലഭിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതിൽ നഷ്ടം സംഭവിച്ചു. ഇതു പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുന്നതിനാണ് ജാഥ നടത്തിയത്.
എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നാരംഭിച്ച ജാഥ ദക്ഷിണകേരള മഹായിടവക മോഡറേറ്ററും ബിഷപ്പുമായ മോസ്റ്റ് റവ.എ ധർമ്മരാജ് റസാലം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സംവരണം പുനഃസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
പാസ്റ്റർ ബോർഡ് സെക്രട്ടറി റവ. ജെ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സന്ദേശം നൽകി.
വാദ്യമേളങ്ങളുടെയും കളരിപ്പയറ്റിന്റെയും അകമ്പടിയിൽ സെക്രട്ടേറിയറ്റ് നടയിൽ എത്തിച്ചേർന്ന ജാഥയെ മഹായിടവക സെക്രട്ടറി ടി.ടി.പ്രവീൺ അഭിസംബോധന ചെയ്തു. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുമ്പോൾ എസ്.ഐ യു.സി സമുദായത്തിന് അനുകൂലമായ തീരുമാനമെടുക്കണമെന്നും സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്ത പാർട്ടികൾക്ക് പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ ബോർഡ് സെക്രട്ടറി റവ. ജെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ജാഥ കോ ഓർഡിനേറ്റർ റവ. ആർ.എസ് .സുരേഷ് കുമാർ,യൂത്ത് കോ ഓർഡിനേറ്റർ റവ. സജി എൻ,സ്റ്റുവർട്ട്, പി.ആർ.ഒ റവ.സിബിൻ എന്നിവർ നേതൃത്വം നൽകി. 70 സഭാ ഡിസ്ട്രിക്ടുകളിൽ നിന്നായി കാൽ ലക്ഷത്തോളം പേരാണ് ജാഥയിൽ പങ്കെടുത്തത്.
ജാഥയ്ക്ക് ശേഷം മോസ്റ്റ് റവ. എ. ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. പാസ്റ്റർ ബോർഡ് സെക്രട്ടറി റവ. ജെ. ജയരാജ് ,മഹായിടവക സെക്രട്ടറി ടി.ടി. പ്രവീൺ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.
ആവശ്യങ്ങൾ
സി.എസ് .ഐ സഭയുടെ ഏക മെഡി. കോളേജായ കാരക്കോണം മെഡി. കോളേജിൽ എം.ബി.ബി.എസ് സീറ്റിൽ 50 ശതമാനം അഡ്മിഷൻ എസ്.ഐ.യു.സി വിദ്യാർത്ഥികൾക്ക് നൽകുക.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാടാർ എസ്.ഐ യു.സി സംവരണം മൂന്നു ശതമാനമാക്കുക.
പി.എസ്.സി അംഗമായി ദക്ഷിണ കേരള മഹായിടവകയിലെ ഒരാളിനെ പരിഗണിക്കുക