
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാആശുപത്രിയിൽ ഇന്നലെ ഇ-ഹെൽത്ത് സംവിധാനം ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഓൺലൈനായി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്ത് ഇ- ഹെൽത്ത് സംവിധാനം നടപ്പാക്കിയ ആശുപത്രികൾ 200ആയി.
ഇ ഹെൽത്ത് വഴി മുൻകൂട്ടി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം. ലാബ് പരിശോധനക്കുറിപ്പുകളും പരിശോധനാഫലവും ഓൺലൈനായി ലാബുകളിലും ഡോക്ടർക്കും ലഭ്യമാകും. വ്യക്തികളുടെ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രിയിൽ ലഭ്യമാകുന്നതിനാൽ കേന്ദ്രീകൃത കമ്പ്യൂട്ടറിൽ നിന്നും മുൻചികിത്സാ രേഖകൾ ലഭ്യമാക്കി തുടർചികിത്സ നിർണയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. വി.ആർ. രാജു പങ്കെടുത്തു.