
തിരുവനന്തപുരം:സർക്കാരിന്റെ ആദ്യ ട്രാൻസ്‌പോർട്ട് കമ്പനി കെ.എസ്.ആർ.ടി,സി- സ്വിഫ്ട് രൂപീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഓഹരി മൂലധനം ഒരു കോടി രൂപയാണ്. പ്രാരംഭ ചെലവിന് മന്ത്രിസഭ 15 കോടി അനുവദിച്ചിട്ടുണ്ട്.
പത്ത് വർഷത്തേക്കാണ് കമ്പനി. പിന്നെ കോർപറേഷനിൽ ലയിപ്പിക്കും.
തിരുവനന്തപുരത്ത് ആനയറയിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ താൽക്കാലിക ആസ്ഥാനമാകും. ദീർഘദൂര സർവീസുകൾ ആനയറ നിന്ന് ആരംഭിച്ച് അവസാനിപ്പിക്കും. സമീപത്തെ അഞ്ച് ഡിപ്പോകളിൽ നിന്ന് ആനയറയിലേക്ക് ഫീഡർ സർവീസുകൾ നടത്തും. തുടക്കത്തിൽ കെ.എസ്.ആർ.ടി.സിയുടെ ലൈസൻസിലാവും ദീർഘദൂര സർവീസുകൾ. കിഫ്ബി വായ്പയിൽ പുതിയ ബസുകൾ വാങ്ങുമ്പോൾ ഓപ്പറേഷനായി സെൻട്രൽ കൺട്രോൾ റൂം തുറക്കും
ഡിപ്പോ, വർക്‌ഷോപ്പ് സേവനങ്ങൾക്ക് കെ.എസ്.ആർ.ടി.സിക്ക് കമ്പനി പണം നൽകും. കമ്പനിയുടെ എക്സ് ഒഫിഷ്യോ സി.എം.ഡി കെ.എസ്.ആർ.ടി.സി മേധാവി തന്നെയായിരിക്കും.
'കെ.എസ്.ആർ.ടി.സി റീ സ്ട്രക്‌ചർ 2.0' എന്ന പേരിൽ സി.എം.ഡി ബിജു പ്രഭാകർ നൽകിയ റിപ്പോർട്ടാണ് 'സ്വിഫ്ട്' രൂപീകരണത്തിലേക്ക് നയിച്ചത്.
നാൾവഴി
നവംബർ 15
റിപ്പോർട്ട് മുഖ്യമന്ത്രിയുടെ സമിതി പരിശോധിച്ച് രൂപരേഖയുണ്ടാക്കാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
നവംബർ 23
കെ.എസ്.ആർ.ടി.സി- സ്വിഫ്ട് എന്ന ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കാൻ കമ്മിറ്റി അനുവാദം നൽകി. കമ്പനിയുടെ പേരിൽ കിഫ്ബി വായ്പ വാങ്ങാനും തീരുമാനം.
ഫെബ്രുവരി 16, 17
മുഖ്യമന്ത്രിയുടെ അനുവാദം. മന്ത്രിസഭയുടെ അംഗീകാരം.
എം.പാനലുകാർക്ക് പുതിയ വഴി
ജോലി നഷ്ടപ്പെട്ട എംപാനൽകാർക്ക് സ്വിഫ്ടിൽ ജോലി നൽകും. ഉയർന്ന തസ്തികകൾ ഉൾപ്പെടെ കരാർ നിയമനം മാത്രം. കെ.എസ്.ആർ.ടി.സിയിൽ നിന്ന് വ്യത്യസ്‌തമായിരിക്കും സേവന വേതന വ്യവസ്ഥകൾ
ആവശ്യമെങ്കിൽ അധിക ജീവനക്കാരെ കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വിന്യസിക്കും. ഒരു ബസിന് രണ്ട് കണ്ടക്ടർ, രണ്ട് ഡ്രൈവർ.
പ്രൊഫഷണൽ ഭരണം
@സർക്കാർ നോമിനികളായി ചെയർമാനും ധനകാര്യ, ഗതാഗത സെക്രട്ടറിമാരും നാറ്റ്പാക് ഡയറക്ടറും. കൂടാതെ ഓപ്പറേഷൻ, ട്രാഫിക്, ഐ.ടി, ധനകാര്യ വിദഗ്ദ്ധർ ഒന്നു വീതം.
@ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ - ടെക്നിക്കൽ, ഓപ്പറേഷൻ, അസി. ജനറൽ മാനേജർ - കമ്പനി സെക്രട്ടറി, അസി. ജനറൽ മാനേജർ- എച്ച്.ആർ എന്നിവർക്ക് കരാർ നിയമനം. ശമ്പളം 75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ