
വർക്കല: വിനോദസഞ്ചാര കേന്ദ്രമായ പാപനാശം തീരത്ത് പാർക്കിംഗിന് സ്ഥലമില്ല. പിതൃതർപ്പണത്തിനും വിനോദസഞ്ചാരത്തിനും എത്തുന്നവർ നടുറോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്യേണ്ട ഗതികേടിലാണ്. റോഡ് വാഹന സഞ്ചാരത്തിനും, നടപ്പാത കാൽനടക്കാർക്കും എന്ന ലക്ഷ്യത്തോടെ അടുത്തിടെ പാപനാശം തീരത്തേക്കുള്ള റോഡ് നവീകരണം പൂർത്തിയാക്കുകയും ഇതോടനുബന്ധിച്ച് മനോഹരമായ നടപ്പാതയും നിർമ്മിച്ചിരുന്നു. ഇപ്പോൾ നടപ്പാത വാഹന പാർക്കിംഗിനും കാൽനടയാത്രക്കാർ റോഡിലും എന്ന അവസ്ഥയാണ്.
വർക്കല ക്ഷേത്രക്കുളം മുതൽ പാപനാശം തീരം വരെയുള്ള റോഡിൽ ടൂറിസം വകുപ്പിന്റെ ഫണ്ടിൽ നടപ്പാത പണിതതോടെ റോഡിന്റെ വീതി കുറഞ്ഞു. അതോടെ നടപ്പാതയുടെ രണ്ട് വശങ്ങളിലും വാഹനം പാർക്ക് ചെയ്യാൻ തുടങ്ങി. തീരത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് കുത്തനെയുള്ള റോഡ് കയറ്റത്തിലെ ആരംഭത്തിൽ നഗരസഭയുടെ വക ചെറിയ പാർക്കിംഗ് സ്ഥലമുണ്ട്. എന്നാൽ റോഡ് കയറ്റം അവസാനിക്കുന്ന ഭാഗത്ത് കുന്നിന് സമീപം സ്വകാര്യ സ്ഥലത്ത് പാർക്കിംഗിന് വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. കുന്നിടിച്ചിൽ നേരിടുന്നതിനാൽ ഇതിന് നഗരസഭ അനുവാദം നൽകിയിട്ടില്ല. പാർക്കിംഗ് പ്രതിസന്ധി മറികടക്കാൻ ഒരു പതിറ്റാണ്ട് മുൻപ് നഗരസഭ തയ്യാറാക്കിയ റോഡും മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യവും ഇപ്പോഴും പദ്ധതി രേഖകളിൽ പൊടിപിടിച്ച് കിടക്കുകയാണ്. മാറി മാറി വരുന്ന നഗരസഭ ഭരണസമിതികൾ പാപനാശത്തെ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിന് ബഡ്ജറ്റുകളിൽ തുക വകയിരുത്താറുണ്ട്.
തിരഞ്ഞെടുപ്പ് വേളകളിൽ മുന്നണികളുടെ പ്രകടനപത്രികയിൽ ഇടമുണ്ട്. എന്നാൽ പദ്ധതി മാത്രം നടപ്പായില്ല.
*ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രം
ചതുപ്പ് നിലമായി അവശേഷിക്കുന്ന ഒന്നര ഏക്കർ വസ്തു പാർക്കിംഗിനായി നഗരസഭ ഏറ്റെടുത്തിരുന്നു. ഇന്ന് ഇവിടം കാട്ടുചെടികൾ പടർന്ന് പന്തലിച്ച് ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. മാത്രവുമല്ല ചതുപ്പ് പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്.
നടപടിയില്ല
ഒരു വൺവേ റോഡ് യാഥാർത്ഥ്യമായാൽ തിരക്കുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് പൊതുജനാഭിപ്രായം. വാഹന പാർക്കിംഗിനായി സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പദ്ധതി നടപ്പിൽ വരുത്താൻ അധികൃതർക്ക് കഴിയുന്നില്ല. കർക്കിടക വാവുബലി ഉൾപ്പെടെ വിശേഷ ദിവസങ്ങളിൽ എത്തുന്നവരാണ് മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.
*പാപനാശത്ത് പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിന് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ മുന്നോട്ടു വരണം.
അഡ്വ. എസ്. കൃഷ്ണകുമാർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം
ഫോട്ടോ : പാപനാശത്തേക്കുള്ള റോഡിന്റെ നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത നിലയിൽ.
ഫോട്ടോ: പാപനാശത്ത് പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് നഗരസഭ ഏറ്റെടുത്ത ഭൂമി.