flight

തിരുവനന്തപുരം:നൂറ്റിനാല് യാത്രക്കാരും എട്ട് ജീവനക്കാരുമായി അറബിക്കടലിനു 39,000 അടി ഉയരത്തിൽ പറക്കുമ്പോൾ ഹൈഡ്രോളിക് തകരാറുണ്ടായ ഷാർജ- കരിപ്പൂർ എയർ ഇന്ത്യ എക്‌സ്‌പ്രസ് ബോയിംഗ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി.

ബി- കാറ്റഗറി എമർജൻസി പ്രഖ്യാപിച്ച്, അഞ്ച് അത്യാധുനിക പാന്തർ ക്രാഷ് ഫയർ ഫയർ എൻജിനുകൾ വിന്യസിച്ച്, ഉച്ചയ്‌ക്ക് 12.39ന് വിമാനം ലാൻഡ് ചെയ്തു. പിന്നിലെ ഇടതു ടയറിൽ നിന്ന് ഉയർന്ന പുക ഫയർ എൻജിനുകൾ വെള്ളം ചീറ്റി ശമിപ്പിച്ചു. ഹൈഡ്രോളിക് ഓയിൽ ലീക്കായതാണ് തകരാറെന്നാണ് പ്രാഥമിക കണ്ടെത്തൽ. എൻജിനിന്റെ ചൂടായ പ്രതലത്തിൽ ഈ ഓയിൽ വീണതിനാലാണ് പുക ഉയർന്നത്. യാത്രക്കാരെ വൈകിട്ട് അഞ്ചരയ്ക്ക് മറ്രൊരു വിമാനത്തിൽ കരിപ്പൂരിലേക്ക് കൊണ്ടുപോയി.

ഇന്നലെ രാവിലെ 7.20ന് ഷാർജയിൽ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂർ അടുക്കാറായപ്പോഴാണ് പൈലറ്റിന് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന സന്ദേശം ലഭിച്ചത്. ഉടൻ കൺട്രോൾടവറിനെ അറിയിച്ചു. നീളം കുറഞ്ഞ ടേബിൾ ടോപ് റൺവേ ആയതിനാൽ,​ തകരാറുള്ള വിമാനം റിസ്‌ക് എടുത്ത് കരിപ്പൂരിലിറക്കാൻ പൈലറ്റ് തയ്യാറായില്ല. നെടുമ്പാശേരിയിൽ എമർജൻസി ലാൻഡിംഗ് പരിഗണിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണം തുടങ്ങി.