
മാവേലിക്കര: സ്പെഷ്യൽ സബ് ജയിലിൽ ക്വാറന്റീനിലായിരുന്ന തടവുകാരൻ ജില്ലാ ആശുപത്രിയിൽ അക്രമാസക്തനായി. മോഷണ കേസിൽ തടവിലാക്കപ്പെട്ട കായംകുളം പെരിങ്ങാല ഷെഫീഖ് മൻസിൽ ഷെഫിഖ് (ഓതറ ഷെഫിഖ്–31) ആണ് അക്രമാസക്തനായത്. ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ളവരെ പ്രത്യേക സെല്ലിലാക്കി. ഇതിൽ പ്രതിഷേധിച്ച് ജയിലിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഷെഫീഖ് നെറ്റിന്റെ കമ്പി ഒടിച്ച് വിഴുങ്ങിയെന്ന് പറഞ്ഞതിനെ തുടർന്നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിച്ചപ്പോൾ ഷെഫീഖ് വാതിലിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. എക്സ്റേയും മറ്റും എടുത്തെങ്കിലും പ്രാഥമിക പരിശോധനയിൽ ശരീരത്തിനുള്ളിൽ കമ്പി കണ്ടെത്താനായില്ല. ഷെഫിഖിനെ തുടർ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷനുകളിലെ കേസിൽ പ്രതിയായ ഷെഫീഖിനെ 2020ൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷെഫീഖ് മുമ്പും ജയിലിൽ അക്രമാസക്തനായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.