
റാങ്ക് ഹോൾഡർമാർ പ്രതീകാത്മകമായി മീൻ കച്ചവടം നടത്തി പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം പ്രതിപക്ഷം തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതും നാട്ടിലെ പൊതുവികാരവും കണ്ടില്ലെന്നു നടിച്ചാൽ തിരിച്ചടിയാവുമെന്ന് വിലയിരുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി ചർച്ചയ്ക്ക് സർക്കാരിന് നിർദ്ദേശം നൽകി. ഇന്ന് ഉദ്യോഗസ്ഥ തലത്തിൽ ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തിയേക്കും.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചെറുപ്പക്കാരോട് മുഖം തിരിഞ്ഞു നിൽക്കുന്നെന്ന പ്രതീതി സൃഷ്ടിക്കരുതെന്നാണ് പാർട്ടി നിർദ്ദേശം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംവരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നുറപ്പുള്ളതിനാൽ, സമരം തീർക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിൽ സർക്കാർ ഇടപെടണം.
ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും മദ്ധ്യസ്ഥതയിൽ നേരത്തേ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉദ്യോഗസ്ഥതല ചർച്ചയാവുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ഉറപ്പ് രേഖാമൂലം ലഭിക്കുമെന്നതാണ് ഉദ്യോഗാർത്ഥികൾക്ക് കിട്ടുന്ന മെച്ചം. എന്നാൽ അവരുടെ നിലപാടെന്തെന്നതാണ് പ്രധാനം.
കഴിഞ്ഞയാഴ്ച തന്നെ ഒത്തുതീർപ്പ് ഇടപെടലുണ്ടാകണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സ്ഥിരപ്പെടുത്തൽ നിറുത്തിവച്ചതും നാലായിരത്തോളം തസ്തികകൾ സൃഷ്ടിച്ചതും.
സമരം ഒത്തുതീർക്കണമെന്ന് സി.പി.ഐ നേതൃത്വവും നിർദ്ദേശിച്ചിരുന്നു. എ.ഐ.വൈ.എഫും സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികൾക്കായി പരമാവധി ഇടപെടൽ നടത്തിക്കഴിഞ്ഞ സ്ഥിതിക്ക് ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെ അറിയിച്ചത്. എന്നാൽ, പ്രതിപക്ഷ മുതലെടുപ്പും തൊഴിലില്ലായ്മയെന്ന വൈകാരികപ്രശ്നം പൊതുസമൂഹത്തിൽ ചർച്ചയാവുന്നതും തിരഞ്ഞെടുപ്പ് ദിനങ്ങളിൽ ഭൂഷണമല്ലെന്ന വികാരമാണ് ഇന്നലെ സെക്രട്ടേറിയറ്റിലുയർന്നത്.
മന്ത്രിതല ചർച്ചയ്ക്ക് തീരുമാനിച്ചാൽ, അത് മുഖ്യമന്ത്രിയുമായി നടത്തണമെന്ന പുതിയ ഡിമാൻഡിന് വഴിവയ്ക്കുമോയെന്ന സന്ദേഹം സെക്രട്ടേറിയറ്റിലുണ്ടായി. തുടർന്നാണ് ഉദ്യോഗസ്ഥതല ചർച്ചയാവാമെന്ന സമീപനത്തിലേക്ക് എത്തിയതെന്നറിയുന്നു.
നിയമനക്കണക്ക്
വിശദീകരിക്കാൻ യോഗം
ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെക്കുറിച്ച് വോട്ടർമാരിൽ സൃഷ്ടിച്ചേക്കാവുന്ന ആശയക്കുഴപ്പം നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് പാർട്ടി സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. പി.എസ്.സി റാങ്ക് പട്ടികയുടെ സാങ്കേതികത്വം, ഒരു റാങ്ക് പട്ടികയിൽ പരമാവധി തൊഴിൽ നൽകാൻ സാധിക്കുന്നവരുടെ എണ്ണം, സർക്കാർ ഇതിനകം നടത്തിയ നിയമനങ്ങൾ, സൃഷ്ടിച്ച തസ്തികകൾ എന്നിവ വിശദീകരിക്കാൻ വിവിധ തലങ്ങളിൽ യോഗങ്ങൾ നടത്തണം. മുഖ്യമന്ത്രി നിരത്തിയ കണക്കുകൾ യോഗങ്ങളിൽ വിശദീകരിക്കണം.
'സർക്കാർ ഏതുവിധത്തിലുള്ള ചർച്ചയ്ക്ക് ക്ഷണിച്ചാലും സ്വാഗതം ചെയ്യും. ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പാണ് വേണ്ടത്. അതു കിട്ടിയാലുടൻ സമരം അവസാനിപ്പിക്കും.
- ലയ രാജേഷ്,
എൽ.ജി.എസ് അസോസിയേഷൻ നേതാവ്