
തിരുവനന്തപുരം:ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തുമെന്ന് സൂചനയുണ്ടെങ്കിലും സെക്രട്ടേറിയറ്രിന് മുന്നിൽ തുടരുന്ന സമരങ്ങൾക്ക് അയവില്ല. ചർച്ചയ്ക്ക് സർക്കാർ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിച്ചാൽ സമരം പിൻവലിക്കുമെന്നും അവർ വ്യക്തമാക്കി.
നിത്യചെലവുകൾക്ക് പണം കണ്ടെത്താൻ സി.പി.ഒ റാങ്ക് ലിസ്റ്രിലെ ഉദ്യോഗാർത്ഥികൾ സമരത്തിന്റെ 13-ാം ദിവസമായ ഇന്നലെ സമരപ്പന്തലിന് മുന്നിൽ മീൻ കച്ചവടം നടത്തി.
ഐസ് ബോക്സിൽ എത്തിച്ച മീൻ ഉദ്യോഗാർത്ഥികൾ വില്പന നടത്തിയ സമയം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അടക്കമുള്ളവർ സമരവേദി സന്ദർശിച്ചു. പുതിയ സമരമുറ രാജ്യം ഉറ്റുനോക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹസൻ ഉൾപ്പടെ നിരവധി പേർ ഉദ്യോഗാർത്ഥികളുടെ കൈയിൽ നിന്ന് മീൻ വാങ്ങി പ്രതിഷേധത്തിൽ പങ്കുചേർന്നു.
ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ തലകുത്തിമറിഞ്ഞും കൈകൾ കുത്തി ഇഴഞ്ഞുമാണ് ഇന്നലെ സമരം കൊഴുപ്പിച്ചത്.
ഇന്ന് പി.എസ്.സി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ സമരരംഗത്തുള്ള നിരവധി പേർ മടങ്ങി. മറ്രുള്ളവർ സമരത്തിന്റെ ചുമതല ഏറ്രെടുത്തു.
ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥനും നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന് അഭിവാദ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കായികതാരങ്ങൾക്ക് അഭിവാദ്യവുമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ പ്രവർത്തകരും എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, സി.എം.പി നേതാവ് സി.പി. ജോൺ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി. ശ്രീനിവാസ്, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ തുടങ്ങിയവരും സമരപ്പന്തൽ സന്ദർശിച്ചു.
സമരനേതാക്കൾ ഗവർണറെ കണ്ടു
ഇടപെടാമെന്നുറപ്പ്
തിരുവനന്തപുരം:സെക്രട്ടേറിയറ്രിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ഇന്നലെ ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ കണ്ട് സങ്കടം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂർ ഉദ്യോഗാർത്ഥികൾക്കൊപ്പം ഉപവാസമിരുന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പമാണ് സമരനേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് നിവേദനം നൽകിയത്.
റാങ്ക് ഹോൾഡേഴ്സ് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ തീർത്തും മനുഷ്യത്വപരമാണെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും ഗവർണർ ഉറപ്പ് നൽകി.എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ലയ രാജേഷ്, സംസ്ഥാന നേതാവ് റിജു, പ്രൊട്ടക്ടഡ് ടീച്ചേഴ്സ് സംഘടനാ പ്രതിനിധി രശ്മി അനേഷ്, സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി വിഷ്ണു എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.